
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎന്‍ആര്‍ഇജിഎ) ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനമായ ഡിസംബര്‍ 28ന്, എല്ലാ മണ്ഡലങ്ങളിലും ഗ്രാമങ്ങളിലും മഹാത്മാ ഗാന്ധിജിയുടെ ചിത്രം കൈയില്‍ പിടിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. തൊഴിലവകാശം ഉറപ്പുനല്‍കിയ, കോടിക്കണക്കിന് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ജീവിത സുരക്ഷ നല്‍കിയ ചരിത്രനിയമമാണ് എംജിഎന്‍ആര്‍ഇജിഎയെന്നും, ഇത് ഇല്ലാതാക്കാനുള്ള ശ്രമം ബാപ്പുജിയുടെ പൈതൃകത്തിലേക്കുള്ള നേരിട്ടുള്ള ആക്രമണമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തിലെ ദരിദ്രരുടെ അവകാശങ്ങളും മാനവും സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് ഈ പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.