ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് കേന്ദ്രമെന്ന് കെ.സി. വേണുഗോപാല്‍ ; കോണ്‍ഗ്രസ് മുനമ്പം സമരക്കാര്‍ക്കൊപ്പം; പുരോഹിതര്‍ക്കുണ്ടായത് തെറ്റിദ്ധാരണയെന്നും വേണുഗോപാല്‍

Jaihind News Bureau
Wednesday, April 2, 2025

വഖഫ് ഭേദഗതി ബില്‍ രാജ്യത്തെ വിഭജിക്കുമെന്ന് കോണ്‍ഗ്രസ് എംപി വേണുഗോപാല്‍. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ളതാണ് ഈ ബില്‍ എന്നും അദ്ദേഹം പറഞ്ഞു.ലോക് സഭയില്‍ വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് നിങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെയാണ്, നാളെ നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരെയും മറ്റന്നാള്‍ നിങ്ങള്‍ സിഖുകാര്‍ക്കെതിരെയും ആയിരിക്കും… രാജ്യത്തെ ന്യൂനപക്ഷങ്ങളെ നശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് വ്യക്തമായ ഒരു അജണ്ടയാണ്,കെ സി വേണുഗോപാല്‍ ആഞ്ഞടിച്ചു. ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യം പാര്‍ലമെന്റില്‍ നിന്ന് നീക്കം ചെയതതിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് വേണുഗോപാല്‍ ചോദിച്ചു. അവര്‍ കൃസ്ത്യാനികളായിരുന്നു. എന്തു തെറ്റാണവര്‍ ചെയ്തത്. ഇന്ന് നിങ്ങള്‍ ഒരു ലോക നേതാവാകാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇവിടെ, മതത്തിന്റെ പേരില്‍, രാഷ്ട്രീയ നേട്ടത്തിനായി നിങ്ങള്‍ രാജ്യത്തെ വിഭജിക്കുകയാണ്. ലോകം നിങ്ങളെ നിരീക്ഷിക്കുന്നു.’ പ്രധാനമന്ത്രിയുടെ പേര് എടുത്തു പറയാതെ അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികള്‍ മുതല്‍ മുസ്ലീങ്ങള്‍, ജൈനര്‍, സിഖുകാര്‍ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളെയും പതുക്കെ ആക്രമിക്കാനുള്ള ബിജെപിയുടെ വ്യക്തമായ അജണ്ടയാണിത്. പതിവായി ക്ഷേത്രങ്ങളില്‍ പോകുന്ന ഹിന്ദുവാണ് താന്‍ എന്നുംവേണുഗോപാല്‍ പറഞ്ഞു. ശബരിമലയില്‍ എല്ലാ വര്‍ഷവും പോകാറുണ്ട്. ഗുരുവായൂരില്‍ എല്ലാ മാസവും പോകും. ലോകാ സമസ്താ സുഖിനാഭവന്തു എന്നു വിശ്വസിക്കുന്നവരാണ്ഹിന്ദുക്കള്‍. അത് മറ്റുള്ളവരെ ദ്രോഹിക്കുന്നവരല്ല. അത് സംഘപരിവാര്‍ അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

മുനമ്പ്‌ത്തെ പ്രശ്‌നബാധിതരായ കുടുംബങ്ങളോടൊപ്പമാണ് കോണ്‍ഗ്രസ് എന്നും ഉള്ളത്. അത് പ്രഖ്യാപിത നിലപാടാണ്. അതിന്റെ പേരില്‍ ക്രിസ്ത്യാനി സ്‌നേഹം കാട്ടുന്ന സംഘപരിവാരത്തെ ക്രിസ്ത്യാനികള്‍ക്ക് നന്നായി അറിയാം. ഝാര്‍ഖണ്ഡിലും മദ്ധ്യപ്രദേശിലും മണിപ്പൂരിലും ആ സ്‌നേഹം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ പ്രശ്‌നം നിയമപരമായി പരിഹരിക്കപ്പെടണം. അതിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പുരോഹിതര്‍ക്കുണ്ടായത് തെറ്റിദ്ധാരണയെന്നും അ്‌ദ്ദേഹം പറഞ്ഞു