മെയ് 20 മുതല്‍ 30 വരെ ഇന്ത്യയിലുടനീളം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘ജയ് ഹിന്ദ് സഭകള്‍’ നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. ‘നമ്മുടെ സായുധ സേനകളുടെ പരമോന്നത വീര്യത്തെയും വിജയത്തെയും അഭിവാദ്യം ചെയ്യാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലുടനീളം ‘ജയ് ഹിന്ദ് സഭകള്‍’ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ചകളും, ദേശീയ സുരക്ഷയെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയും നമ്മുടെ ദേശീയ സുരക്ഷാ കാര്യങ്ങളില്‍ അമേരിക്കയുടെ ഇടപെടലിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മൗനം എന്നിവയെക്കുറിച്ചും നാം ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നും കെ.സി വേണുഗോപാല്‍ തന്റെ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ‘ജയ് ഹിന്ദ് സഭകള്‍’ നടക്കുമെന്ന് എംപി വ്യക്തമാക്കി.
‘മെയ് 20-30 വരെ ഡല്‍ഹി, ബാര്‍മര്‍, ഷിംല, ഹല്‍ദ്വാനി, പട്ന, ജബല്‍പൂര്‍, പൂനെ, ഗോവ, ബെംഗളൂരു, കൊച്ചി, ഗുവാഹത്തി, കൊല്‍ക്കത്ത, ഹൈദരാബാദ്, ഭുവനേശ്വര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ സൈനിക വിമുക്തഭടന്മാര്‍, പാര്‍ട്ടി നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ജയ് ഹിന്ദ് സഭകളാകും നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സായുധ സേനയ്ക്ക് പാര്‍ട്ടി പിന്തുണ നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ എല്ലാ ശ്രമങ്ങളിലും സൈന്യങ്ങള്‍ക്കൊപ്പം നിന്നു. ഒരു പാറപോലെ നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നില്‍ക്കുന്നു. കോണ്‍ഗ്രസ് തീവ്രവാദത്തിനെതിരെ നിലകൊള്ളുന്നു, പാകിസ്ഥാനെതിരെ സ്വീകരിച്ച നടപടികള്‍ക്ക് ഞങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഒരു സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു… രണ്ട് സര്‍വകക്ഷി യോഗങ്ങള്‍ നടന്നു, പക്ഷേ പ്രധാനമന്ത്രി മോദി ആ യോഗങ്ങളിലൊന്നും പങ്കെടുത്തില്ല. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ജയ്‌റാം രമേശ് പറഞ്ഞു.
നേരത്തെ, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ‘ഉടന്‍’ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ഏകകണ്ഠമായ അഭ്യര്‍ത്ഥനയാണ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചത്. കഴിഞ്ഞ മാസം 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. മെയ് 7 ന് പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണങ്ങളില്‍ 100ലധികം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.