K C Venugopal M P | പിഎം ശ്രീയില്‍ ഒപ്പുവെച്ചത് പിണറായി വിജയന്റെ ഡീലിന്റെ ഭാഗം: കെ സി വേണുഗോപാല്‍ എംപി

Jaihind News Bureau
Friday, October 24, 2025

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലിന്റെ ഭാഗമായാണ് കേരള സര്‍ക്കാര്‍ പിഎം ശ്രീപദ്ധതിയില്‍ ഒപ്പുവെച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പാര്‍ട്ടി ആശയങ്ങളെ ബലികഴിച്ച് സിപിഎം രഹസ്യ അജണ്ട നടപ്പിലാക്കുകയാണ്. ഘടകകക്ഷിയെ പോലും തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം നിലപാട് മാറ്റി ഈ തീരുമാനമെടുക്കാന്‍ എന്ത് ചേതോവികാരമാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി എടുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിക്കാന്‍ എബിവിപിക്ക് ഭയങ്കര സന്തോഷമാണെന്നും മന്ത്രിസഭയില്‍ സിപിഐ എതിര് പറഞ്ഞിട്ടും അന്നുതന്നെ അത് ഒപ്പിടാനുള്ള തിടുക്കം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സിപിഐ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

സിപിഐയുടെ വിമര്‍ശനം തള്ളിക്കളഞ്ഞ്, കാശിനു വേണ്ടിയാണ് നീക്കമെന്നത് ആരും വിശ്വസിക്കില്ലെന്നും അജണ്ട ഓരോന്നായി പുറത്തുവരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ആശയത്തിനോ പാര്‍ട്ടിക്കും അവിടെ പ്രസക്തിയില്ലെന്നും ബിജെപി-സിപിഎം ബാന്ധവം ഓരോ ദിവസവും കഠിനമായി കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ രഹസ്യ അജണ്ട എന്തിനെന്ന് ജനം മനസിലാക്കുന്നു. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണിത്. വലിയ സന്തോഷത്തില്‍ എബിവിപി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെ കണ്ട് അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചെന്ന സിപിഐഎം വിമര്‍ശനത്തിന് കെ സി വേണുഗോപാല്‍ മറുപടി നല്‍കി. ഹിമാചല്‍ പ്രദേശ്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുത്തിട്ടില്ല. ബിജെപി സര്‍ക്കാര്‍ ഭരിച്ച കാലത്താണ് പദ്ധതിയില്‍ ഒപ്പുവെച്ചത്. കോണ്‍ഗ്രസ് അതിനെ എതിര്‍ത്തിട്ടുണ്ട്. സിപിഐയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുള്ളത് ചില നേതാക്കളുടെ താല്‍പര്യമാണെന്നും, കോണ്‍ഗ്രസോ യുഡിഎഫോ ചര്‍ച്ചചെയ്ത് തീരുമാനമെടുത്തിട്ടില്ലെന്നും ഈ ഘട്ടത്തില്‍ അത്തരമൊരു ചര്‍ച്ച അപക്വമാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

മുന്നണി മാറ്റത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐയാണ്. സിപിഐ ആണ് നിലപാട് പറയേണ്ടത്. സിപിഐ വിമര്‍ശനം തള്ളിക്കളഞ്ഞു. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ഉല്‍പ്പന്നമാണ് ദേശീയ വിദ്യാഭ്യാസ നയം എന്നാണ് സിപിഎമ്മിന്റെ ഭാഷ്യം. ഈ ഉല്‍പ്പന്നം എവിടെ വച്ചാണ് ലഘൂകരിക്കപ്പെട്ടത് എന്നു പറയുന്നില്ല. ഘടകകക്ഷിയെ തള്ളിക്കളഞ്ഞു തീരുമാനമെടുക്കാനുള്ള ചേതോവികാരം എന്താണ്. പിണറായി വിജയന്‍ സിപിഐയുടെ ആശയപരമായ വിമര്‍ശനങ്ങളെ പോലും തള്ളിക്കളയുന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി ഓരോ ഒഴിവു കഴിവ് പറയുകയാണ്. സ്വന്തം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാന്‍ എന്താണ് കാരണം? ഇതിന് പിന്നിലെ താല്‍പര്യം സിപിഎം-ബിജെപി ഡീലാണ്. സിപിഐ പോയാലും കുഴപ്പമൊന്നുമില്ല, ആ സീറ്റുകളില്‍ കച്ചവടം ഉറപ്പിക്കാനുള്ള നിലപാടാണ് സിപിഎമ്മിന്റേത്. സിപിഐ മുന്നണിയില്‍ തുടര്‍ന്നാലും ഈ കച്ചവടം തുടരും. സിപിഐ സൂക്ഷിക്കണം. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണ് പിണറായി വിജയനെന്നും ഗവര്‍ണറുടെ വിഷയം തൊട്ട് ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുടരുന്നുവെന്നും സിപിഎം അണികള്‍ക്ക് പോലും ഇത് ദഹിക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.