ആലപ്പുഴ: സംസ്ഥാന സർക്കാരിന്‍റെ ലൈഫ് പദ്ധതിയിൽ മുടങ്ങിയ ഭവനനിർമ്മാണം പൂർത്തിയാക്കി കെ.സി. വേണുഗോപാൽ എംപി. ആലപ്പുഴ തോണ്ടന്‍കുളങ്ങരയിൽ പണം ഇല്ലാതെ നിര്‍മ്മാണം മുടങ്ങിയ അലക്സാണ്ടറിന്‍റെ വീടിന്‍റെ പണികള്‍ പൂര്‍ത്തിയാക്കിയാണ് ഈ കുടുംബത്തിന് കെ.സി. വേണുഗോപാൽ കൈത്താങ്ങായത്. ലൈഫ് ഭവന പദ്ധതിയിൽപ്പെട്ട വീട് പൂർത്തിയാക്കാൻ അലക്സാണ്ടറിനു കഴിയാത്തതുകൊണ്ടാണ് താൻ സഹായിച്ചത് എന്ന് കെ.സി. വേണുഗോപാൽ തന്നെ പലവട്ടം വ്യക്തമാക്കിയിരുന്നു. എന്നാൽ വ്യാജവാർത്തകളും പ്രചാരണങ്ങളുമായി ഈ കാരുണ്യപ്രവർത്തനത്തിന്‍റെ നന്മ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സിപിഎം മുഖപത്രവും സൈബർ അണികളും.
ഒരിക്കലും സാധ്യമാകില്ലെന്ന കരുതിയ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് ഓട്ടോ റിക്ഷ ഡ്രൈവറായ തോണ്ടൻകുളങ്ങര വെളിയിൽ വീട്ടിൽ അലക്‌സാണ്ടർ. ഒരു വീടിനായി പല വാതിലുകൾ മുട്ടിയെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവിൽ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുകയും പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സയും നോക്കേണ്ടതിനാല്‍ വീടു പണി പകുതിയിൽ നിന്നു. അതിനിടെ രോഗബാധിതയായ ഭാര്യ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ അലക്‌സാണ്ടറുടെ ദുരിതജീവിതം പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ തന്നെ അദ്ദേഹം തക്കതായ ഇടപെടൽ നടത്തുകയും അലക്സാണ്ടറുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുൻകൈ എടുക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് സിപിഎമ്മിന്‍റെ വ്യാജപ്രചാരണം ആരംഭിച്ചത്. കെ.സി. വേണുഗോപാലിന്‍റെ ഇടപെടലിലൂടെ പൂർത്തിയാക്കിയ വീടിന്‍റെ ക്രെഡിറ്റ് സ്വന്തം പോക്കറ്റിൽ ആക്കാനുള്ള ശ്രമം ആരംഭിച്ചത് സിപിഎം മുഖപത്രവും. പിന്നാലെ സൈബർ പോരാളികളും അത് ഏറ്റെടുത്തു. അലക്സാണ്ടർ എന്ന സാധാരണക്കാരന് താങ്ങായി മാറിയ കെ.സി. വേണുഗോപാലിനെതിരെ വ്യക്തി അധിക്ഷേപങ്ങൾക്ക് പോലും സിപിഎം മുതിർന്നു. കോണ്‍ഗ്രസിന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സിപിഎമ്മിന് പരിഭ്രാന്തിയെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബി. ബാബുപ്രസാദ് കുറ്റപ്പെടുത്തി.
കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്ക് ഉള്‍പ്പെടെ വില വര്‍ധിച്ച ഈ കാലഘട്ടത്തില്‍ ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാര്‍ നല്‍കുന്ന തുക കൊണ്ടു മാത്രം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നത് യഥാർത്ഥ്യമാണ്. എന്നാൽ പേരിനു പദ്ധതി നടപ്പിലാക്കുകയും അതെല്ലാം തങ്ങളുടെ നേട്ടമായി ഉയർത്തിക്കാണിക്കാനുമുള്ള ശ്രമത്തിലുമാണ് ഇടതു മുന്നണി. ഒപ്പം ജീവകാരുണ്യ പ്രവൃത്തികൾ ചെയ്യുന്ന കോൺഗ്രസ് നേതാക്കളെയും പാർട്ടിയെയും അധിക്ഷേപിക്കുകയുമാണ് ഇടതു മുന്നണി ഇപ്പോൾ സ്വീകരിക്കുന്ന നയം. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴയിലേത്.