കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങളായി മാറി; എസ്എഫ്‌ഐയെ ക്രിമിനല്‍ സംഘമായി വളര്‍ത്തിയത് പിണറായി വിജയനാണെന്ന് കെ.സി.വേണുഗോപാല്‍

Jaihind Webdesk
Friday, March 1, 2024

വയനാട്: ആള്‍ക്കൂട്ട ആക്രമണത്തിന്‍റെ ഏറ്റവും വലിയ ഇരയാണ് സിദ്ധാര്‍ത്ഥ് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്എഫ്ഐയില്‍ ചേരാന്‍ സമ്മര്‍ദം ഉണ്ടായിരുന്നു. കോളേജ് ഹോസ്റ്റലുകള്‍ എല്ലാം തന്നെ പാര്‍ട്ടി ഗ്രാമങ്ങളായി മാറി. ഉദ്ദ്യാേഗസ്ഥർ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തില്‍ അധ്യാപകരും കൂടെ പ്രതികൂട്ടിലാണെന്നും അദ്ദേഹം വിമർശിച്ചു. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. എസ്എഫ്‌ഐയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയത് പിണറായി വിജയനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അക്രമക്കാരികള്‍ക്കും ക്രിമിനലുകള്‍ക്കും ജീവന്‍രക്ഷാ പ്രവര്‍ത്തകരുടെ പരിവേശം നല്‍കി എല്ലാ വിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത് പിണറായി വിജയനും സിപിഎമ്മും ആണ്. എതിരാളികളെ ആക്രമിക്കുന്നത് രക്ഷാ പ്രവര്‍ത്തനമായി ന്യായീകരിച്ച മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് മരണത്തിന് ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിദ്ധാര്‍ത്ഥ് എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയെ പ്രസ്താനത്തിന്‍റെ ഭാഗമാക്കാന്‍ കഴിയാത്തതിലെ അസ്വസ്ഥതയാണ് പൈശാചികമായ കൊലയിലേക്ക് വഴിതെളിച്ചതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. എത്രയോ അമ്മമാരുടെ കരച്ചില്‍ കേള്‍ക്കുകയാണ്. കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരുമോയെന്ന് അറിയില്ല. കൊല നടത്തിയവര്‍ക്ക് മുഖ്യമന്ത്രി സംരക്ഷണം നല്‍കുന്നത്. ലജ്ജിക്കുകയാണ് മുഖ്യമന്ത്രിയെയും എസ്എഫ്‌ഐയും ഓര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.