മോദിയുടെ പഴയ ഗ്യാരന്‍റികള്‍ എവിടെ പോയി? തട്ടിപ്പ് ഗ്യാരന്‍റിയിൽ ഇന്ത്യാ രാജ്യം വീഴില്ല; സമരാഗ്നി തീപന്തമായി മാറുമെന്ന് കെ സി വേണുഗാപാല്‍

Jaihind Webdesk
Friday, February 9, 2024

കാസര്‍ഗോഡ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാല്‍ എംപി . രാജ്യത്തെ 42 % ചെറുപ്പക്കാരും തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍.  പത്ത് വർഷം കൊണ്ട് കർഷകർക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. എന്നിട്ട് ഇപ്പോള്‍ മോദി ഗ്യാരന്‍റി പറയുകയാണ്. പറഞ്ഞ് ഗ്യാരന്‍റികള്‍ എവിടെപ്പോയി? ഈ തട്ടിപ്പ് ഗ്യാരന്‍റിയിൽ ഇന്ത്യാ രാജ്യം വീഴില്ലെന്ന് മോദി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. പിണറായി വിജയന് ബിജെപി വിരോധമോ, വര്‍ഗീയ വിരോധമോ ഇല്ല. പദവി സംരക്ഷിക്കാനും സ്വന്തക്കാരെ സംരക്ഷിക്കാനും ഏതൊരു ഒത്തുതീര്‍പ്പുകളെയും ഭാഗമാക്കുകയാണ് അദ്ദേഹത്തിന്റെ  ഉദ്ദേശ്യം. അതിനെ തുറന്നുകാട്ടാനാണ് യാത്ര. അതിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നല്‍കി കേരളം ഐക്യദാര്‍ഢ്യം നല്‍കുമെന്ന് ഉറപ്പാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സമരാഗ്നി തീപന്തമായി മാറും. യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ തുറന്ന സംവാദത്തിന് തയ്യാറാണ്. ന്യായമായ ഏത് ആവശ്യത്തിനും കോണ്‍ഗ്രസ് കേരള സര്‍ക്കാരിനൊപ്പം നിന്നിട്ടുണ്ട്. പക്ഷെ, ധൂര്‍ത്ത് നടത്താന്‍ ഒപ്പം നില്‍ക്കാനാകില്ല. നാട്ടിലെ ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടിയാണ് മോദി ഗ്യാരണ്ടി. കഴിഞ്ഞ പത്ത് വര്‍ഷക്കാലം കെട്ടകാലമായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.