തങ്ങളുടെ സ്ഥാനാർത്ഥികൾ എല്ലാം മികച്ചവരാണെന്ന് ബിജെപി പോലും പറഞ്ഞിട്ടില്ല; ബിജെപിക്ക് വേണ്ടി ഇ.പി. ജയരാജന്‍ പിആര്‍ വര്‍ക്ക് ചെയ്യുന്നുവെന്ന് കെ.സി. വേണുഗോപാല്‍

Saturday, March 23, 2024

ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.  ബിജെപിക്ക് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യേണ്ട ജോലിയാണോ എല്‍ഡിഎഫ് കണ്‍വീനര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. തങ്ങളുടെ സ്ഥാനാർഥികൾ എല്ലാം മികച്ചവരാണെന്ന് ബിജെപി പോലും പറഞ്ഞിട്ടില്ല. അപ്പോഴാണ് ഇ.പി. ജയരാജൻ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ എൽഡിഎഫും  ബിജെപിയും തമ്മിലാണെന്ന് മത്സരമെന്ന്  ഇ.പി. ജയരാജൻ പറയുന്നു. എന്നാല്‍ ഈ പറയുന്നതിന്‍റെ അടിസ്ഥാനം എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ. എല്ലാം കൂട്ടി വായിക്കുമ്പോൾ എന്താണ് നടക്കുന്നതെന്ന്  ആളുകൾക്കു മനസ്സിലാകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.