രാഹുൽ ഗാന്ധിയെ തടഞ്ഞത് വേദനാജനകം; ദൈവങ്ങളുടെ കുത്തക അവകാശം ബിജെപിക്കല്ലെന്ന് കെ സി വേണുഗോപാൽ

Jaihind Webdesk
Monday, January 22, 2024

അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലത്ത് പ്രണാമം അർപ്പിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച അസം സർക്കാരിന്‍റെയും പോലീസിന്‍റെയും നടപടി നിർഭാഗ്യകരവും രാഷ്ട്രീയ പകപോക്കലും വേദനാജനകവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.  വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഏകാധിപത്യ നടപടിയാണ് ബിജെപിയുടേത്. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനുള്ള ബിജെപിയുടെ ശ്രമം അപലപനീയമാണ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ജനപങ്കാളിത്തം കണ്ട് വിറളി പൂണ്ടാണ് അസം സർക്കാർ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് പ്രതിരോധം തീർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസമിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉറപ്പു നൽകുന്ന ഒരു പൗരന്‍റെ  ആരാധനാ സ്വാതന്ത്ര്യത്തെയാണ് ബിജെപിയും നരേന്ദ്രമോദിയും തടസ്സപ്പെടുത്തുന്നത്. ഒരാൾ എപ്പോൾ ആരാധന നടത്തണമെന്ന് തീരുമാനിക്കേണ്ടത് നരേന്ദ്രമോദിയും കേന്ദ്ര ഭരണകൂടവുമാണോയെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ബിജെപി ഭരണകൂടത്തിന്‍റെ  നടപടി യഥാർത്ഥ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതാണെന്നും വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഏകാധിപത്യ നടപടിയാണ് ബിജെപി ഭരണകൂടത്തിന്‍റെതെന്നും കൂട്ടിച്ചേർത്ത കെ സി വേണുഗോപാൽ, ഹൈന്ദവ ദൈവങ്ങളുടെ മൊത്തം കുത്തകാവകാശം ബിജെപി ഏറ്റെടുത്തിരിക്കുകയാണോയെന്നും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കാൻ രാഹുൽഗാന്ധിക്ക് എന്ത് അയോഗ്യതയാണ് ബിജെപി കൽപ്പിക്കുന്നതന്നെും കെ സി വേണുഗോപാൽ ചോദിച്ചു.