കെ. ബാബുവിന്‍റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവെച്ചത് ജനാധിപത്യത്തിന്‍റെ വിജയം; യുഡിഎഫിനെ അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, April 11, 2024

തിരുവനന്തപുരം: കെ. ബാബുവിന്‍റെ തിരഞ്ഞെടുപ്പ് ശരിവെച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതല്‍ക്കെ എല്‍ഡിഎഫും സിപിഎമ്മും ശ്രമിച്ചത്. അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.

ഏതുവിധേനയും കെ. ബാബുവിനെ അയോഗ്യനാക്കാന്‍ സിപിഎം എല്ലാ അടവുകളും പയറ്റി. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത കോടതിയെ ബോധ്യപ്പെടുത്താന്‍ പോലും ഹര്‍ജിക്കാര്‍ക്കായില്ല. വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം പോലും നിലനില്‍ക്കുന്നുണ്ട്. ജനകീയ കോടതിയുടെ വിധി ഹൈക്കോടതിയും ശരിവച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കെ. ബാബുവിനേയും യുഡിഎഫിനെയും ബോധപൂര്‍വം അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.