കിറ്റെക്‌സ് : മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്ന് കെ ബാബു എംഎൽഎ

Jaihind Webdesk
Tuesday, July 13, 2021

 

സംസ്ഥാനത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിൽ ഒന്നായ കിഴക്കമ്പലം കിറ്റെക്‌സ്, തങ്ങളുടെ ഭാവിയിലുള്ള നിക്ഷേപങ്ങൾ തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റകരമായ നിശ്ശബ്ദത പാലിക്കുന്നത് നിരാശാജനകമാണെന്ന് കോൺഗ്രസ് നിയമസഭകക്ഷി ഉപനേതാവ് കെ. ബാബു എംഎൽഎ.

കിററക്‌സ് നയിച്ച ട്വന്‍റി ട്വന്‍റി ആണ് എറണാകുളം ജില്ലയിൽ നാല് എം.എൽ.എമാരെ ജയിപ്പിക്കാൻ സി പി എമ്മിനെ സഹായിച്ചതെന്ന കാര്യം രഹസ്യമല്ല. ആ നന്ദി കാണിക്കാതെ കിറ്റെക്‌സ് ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞത് മിതമായ ഭാഷയിൽ ശരിയായില്ലെന്നും കെ ബാബു എംഎൽഎ പരിഹസിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഭരിച്ചിരുന്ന കാലത്തും നാട്ടുകാരും കിറ്റെക്സും തമ്മിൽ രൂക്ഷമായ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന്, തങ്ങൾ തമിഴ്‌നാട്ടിലേക്ക് മാറുകയാണെന്ന് അന്ന് കമ്പനി മാനേജ്‌മെന്‍റ് വ്യക്തമാക്കി.

ഈ ഘട്ടത്തിൽ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്ക് വന്നു. തർക്കങ്ങൾ അവസാനിപ്പിക്കണമെന്നും, കിറ്റെക്‌സിനെ സംസ്ഥാനത്ത് തന്നെ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശം. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ അന്ന് എറണാകുളം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി എന്ന നിലയിൽ എന്നെയാണ് ചുമതലപ്പെടുത്തിയത്. പിന്നീട്, ജനപ്രതിനിധികൾ, ജില്ലാ കലക്ടർ, പരിസ്ഥിതി വിദഗ്ധർ തുടങ്ങിയവരും കമ്പനി പ്രതിനിധികളും മററും യോഗം ചേർന്ന് സമവായം കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് കിററക്‌സിനെ ഇവിടെ നിലനിർത്തിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇപ്പോൾ കിറ്റെക്‌സിനെതിരെ കോൺഗ്രസിന്‍റെ നാല് എംഎൽഎമാരും ഒരു എംപിയും പരാതി നൽകിയെന്നാണ് സർക്കാരും മററും നടത്തുന്ന പ്രചരണം. എംഎൽഎമാർ കത്തു നൽകിയത് നിയമപരമായി കമ്പനി പ്രവർത്തിക്കണം എന്നാവശ്യം ഉന്നയിച്ചു കൊണ്ടു മാത്രമാണ്. അവരാരും കമ്പനി പൂട്ടിക്കണമെന്നോ, തൊഴിലാളികളുടെ തൊഴിലില്ലാതാക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ജനകീയ പ്രശ്‌നങ്ങളിൽ ജനപ്രതിനിധികൾ ഇടപെടുന്നത് സ്വാഭാവികമാണ്. എന്നാൽ കിറ്റക്‌സ് മാനേജ്‌മെന്റുമായി അവർ ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാക്കാനും സർക്കാർ ആത്മാർഥമായി ശ്രമിക്കുന്നുമില്ല എന്നതാണ് ദു:ഖകരമായ വസ്തുത. അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വ്യവസായ മന്ത്രിമാരും കിറ്റക്‌സിനെ റാഞ്ചാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ഇടപെടാതെ മാറി നിൽക്കുന്നത് കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന സർക്കാരിന്റെ വാദത്തിനു തന്നെ കളങ്കമാവുമെന്നും കെ ബാബു എം എൽ എ കുറ്റപ്പെടുത്തി.

കിറ്റെക്‌സിന്‍റെ നിക്ഷേപം എവിടെ പോയാലും വിരോധമില്ല എന്നാണ് സിപിഎമ്മിന്‍റെ രാഷ്ട്രീയ തീരുമാനം എന്നാണ് വിശ്വസിക്കേണ്ടി വരുന്നത്. കിറ്റെക്‌സ് മാനേജ്മെന്‍റിന്‍റെ കുടുംബവുമായി ഏറെ വ്യക്തിബന്ധമുണ്ടായിട്ടും മുഖ്യമന്ത്രി ഇടപെടാതെ നിസംഗനായി തുടരുന്നതെന്ന് സംശയിക്കണം. ഇതു നൽകുന്ന സന്ദേശം കേരളത്തിൽ നിക്ഷേപത്തിന് അനുകൂലമായ രാഷ്ട്രീയ, സാമൂഹ്യ അന്തരീക്ഷം ഇല്ല എന്നതു തന്നെയാണ്. ഇപ്പോൾ തന്നെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇരുപത്തിയെട്ടാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തെ സർക്കാരിന്‍റെ ഈ നിലപാട് വീണ്ടും പിന്നോട്ടടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. നാട്ടുകാരുടെ പരാതികൾ പരിഹരിക്കാനും, കിറ്റെക്‌സിന്‍റെ തുടർനിക്ഷേപങ്ങൾ സംസ്ഥാനത്ത് തന്നെ നിലനിർത്താനും മുഖ്യമന്ത്രി നടപടികൾ സ്വീകരിക്കണം. തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറെ പോലെ സംസാരിക്കുന്ന കിറ്റെക്‌സ് സി.എം.ഡി, ഈ മലയാള മണ്ണിലാണ് കിറ്റെക്‌സ് വളർന്ന്‌ വലുതായത് എന്ന കാര്യം മറക്കുന്നത് പോലെ തോന്നുന്നുവെന്നും കെ. ബാബു പറഞ്ഞു.