എല്‍ഡിഎഫ് സർക്കാർ പരിധികള്‍ ലംഘിച്ച് കടമെടുക്കുന്നു : കെ ബാബു എംഎല്‍എ

Jaihind Webdesk
Wednesday, June 30, 2021

K-Babu

എല്‍ഡിഎഫ് സർക്കാർ എല്ലാ പരിധികളും ലംഘിച്ച് കടം വാങ്ങുന്നത് ശീലമാക്കിയിരിക്കുന്നെന്ന് കെ ബാബു എംഎല്‍എ. ശമ്പളം/ പെൻഷൻ എന്നിവ നൽകുന്നതിലേക്കായി നിരന്തരം വർദ്ധിച്ച പലിശനിരക്കിൽ കടമെടുക്കുന്നത് ആത്മഹത്യാപരമാണ്. സംസ്ഥാനം കടത്തിൽ മുങ്ങിത്താഴുമ്പോഴും ധൂർത്തിലും അനാവശ്യ ചെലവുകളിലും സർക്കാർ ഒരു കുറവും വരുത്തുന്നില്ല. എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എൽഡിഎഫ് സർക്കാർ, കടമെടുപ്പിൽ, ഒരു സർവ്വകാല റെക്കോർഡ് സൃഷ്ടിക്കുകയാണ്. വരും തലമുറകളെ വർദ്ധിച്ച പ്രതിശീർഷ കടത്തിൽ ബന്ധിച്ചിരിക്കുന്നുവെന്നും സംസ്ഥാനത്തെ കടത്തിൽ മുക്കിക്കൊല്ലുന്ന സർക്കാരിന്‍റെ സാമ്പത്തിക നയം ഉടൻ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

കിഫ്ബിക്ക് വേണ്ടി കടം – ശമ്പളം/ പെൻഷനുവേണ്ടിയും കടം

എല്ലാ പരിധികളും മറികടന്ന്, കടമെടുക്കുകയെന്നത് ഒരു ശീലമാക്കിയിരിക്കുന്നു എൽഡിഎഫ് സർക്കാർ. മൂലധന ചെലവിന് വേണ്ടി വായ്പ എടുക്കുന്നത് മനസ്സിലാക്കാം. എന്നാൽ, ശമ്പളം/ പെൻഷൻ എന്നിവ നൽകുന്നതിലേക്കായി നിരന്തരം വർദ്ധിച്ച പലിശനിരക്കിൽ കടമെടുക്കുന്നത് ആത്മഹത്യാപരമാണ്. സംസ്ഥാനം കടത്തിൽ മുങ്ങിത്താഴുമ്പോഴും ധൂർത്തിലും അനാവശ്യ ചെലവുകളിലും സർക്കാർ ഒരു കുറവും വരുത്തുന്നില്ല.

2021 മെയ് 24 മുതൽ, ജൂൺ 29, വരെ 9 തവണകളിലായി 9000 കോടി രൂപ സംസ്ഥാനം കടമെടുത്തു കഴിഞ്ഞു. പലിശ നിരക്ക് 6. 78% തുടങ്ങി 7.20% ആയി വർദ്ധിച്ചു.

2016ൽ, യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ, സംസ്ഥാനത്തിന്റെ പൊതുകടം 155,389.33 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇത് നാല് ലക്ഷം കോടി രൂപയായി വർദ്ധിക്കും. എൽഡിഎഫ് സർക്കാർ, കടമെടുപ്പിൽ, ഒരു സർവ്വകാല റെക്കോർഡ് സൃഷ്ടിക്കുകയാണ്. വരും തലമുറകളെ വർദ്ധിച്ച പ്രതിശീർഷ കടത്തിൽ ബന്ധിച്ചിരിക്കുന്നു എൽഡിഎഫ് സർക്കാർ. ജി എസ് ടി കോമ്പൻസേഷൻ ഗ്രാൻഡ് ആയി നൽകാതിരിന്നുകൊണ്ട് സംസ്ഥാനങ്ങളെ വർദ്ധിച്ച തോതിൽ വായ്പ എടുക്കാൻ അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ നയം അപലപനീയം തന്നെ. എന്നാൽ അതിന്റെ മറവിൽ റവന്യൂ പിരിച്ചെടുക്കുന്നതിന് അവധി നൽകിക്കൊണ്ട്, ഉത്സാഹത്തോടെ തുടരെ തുടരെ വായ്പയെടുക്കുന്ന എൽഡിഎഫ് സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ തകർക്കുകയാണ്.

ഒരു സാമ്പത്തിക അരാജകത്വത്തിലേക്ക് സംസ്ഥാനം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ കടത്തിൽ മുക്കിക്കൊല്ലുന്ന എൽ ഡി എഫ് സർക്കാരിൻ്റെ സാമ്പത്തിക നയം ഉടൻ തിരുത്തണം.