K B Ganeshkumar | നിരത്തിലെ പേടിസ്വപ്‌നമാകാന്‍ ഒരു ഗതാഗതമന്ത്രി ; ഹോണ്‍ മുഴക്കരുത്, ഗണേഷ് കുമാറാണ് മന്ത്രി

Jaihind News Bureau
Monday, October 20, 2025

കേരളത്തിലെ റോഡുകളിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് പുതിയൊരു പേടി സ്വപ്നം സമ്മാനിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘എയര്‍ഹോണ്‍ നിരോധനം’ എന്ന പേരില്‍, അത്യാവശ്യമില്ലാത്ത ഹോണ്‍ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ തീരുമാനിച്ചിരിക്കുകയാണ് മന്ത്രി. സാധാരണഗതിയില്‍ ഇതൊരു നല്ല കാര്യമായി തോന്നാമെങ്കിലും, മന്ത്രിയുടെ നിര്‍ദേശങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ ‘അക്ഷരംപ്രതി’യുള്ള നടപ്പാക്കലും കേള്‍ക്കുമ്പോള്‍, പഴയ ഫ്യൂഡല്‍ കാലം ഓര്‍മ്മവരും.മന്ത്രിയുടെ ചെയ്തികളില്‍ ചിരി അടക്കാന്‍ പാടുപെടുന്നവരാണ് അധികം. സിനിമയിലെ അഭിനയം മന്ത്രിവേഷത്തിലും തുടരുകയാണ് ഗണേശന്‍

പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രിയുടെ പുതിയ ഉത്തരവ്. ഒരു ഹോണ്‍ നിരോധനത്തിന് ഇത്രയും ‘നാടകീയ’മായൊരു രംഗം ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല. കൊച്ചിയില്‍ ഈ ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയത് ഒരു പടി കൂടി കടന്നാണ്. റോഡ് റോളര്‍ കിട്ടാത്തതുകൊണ്ട്, ജെസിബിയില്‍ റോഡ് റോളര്‍ ഭാഗം ഘടിപ്പിച്ച് ഹോണുകള്‍ തകര്‍ത്തു കളഞ്ഞു! ഇത് കാണുമ്പോള്‍, സിനിമകളില്‍ വില്ലന്മാരുടെ ആയുധങ്ങള്‍ തകര്‍ക്കുന്ന നായകനെ ഓര്‍മ്മ വരുന്നു. ഒരുപക്ഷേ, മന്ത്രിക്ക് സിനിമയോടുള്ള ഇഷ്ടം ഇതിലൂടെയും പ്രകടമാവുകയാണോ?

എയര്‍ ഹോണ്‍ ഉപയോഗം നിരോധിക്കപ്പെട്ടതു തന്നെയാണ്. ഹോണ്‍ ഉപയോഗം കുറയ്ക്കുക എന്നത് നല്ല കാര്യവുമാണ്, പ്രത്യേകിച്ച് ശബ്ദമലിനീകരണം ഒരു വലിയ പ്രശ്‌നമായി മാറുമ്പോള്‍. പക്ഷേ, ഹോണിന്റെ ചില ഭാഗങ്ങള്‍ മാത്രം ഊരി മാറ്റാന്‍ കഴിയാത്ത സാഹചര്യവും, അങ്ങനെ ചെയ്താല്‍ എയര്‍ ലീക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ഉദ്യോഗസ്ഥരുടെ വാദവും മന്ത്രി കേട്ടതായി തോന്നുന്നില്ല. ഹോണ്‍ ഊരി മാറ്റിയില്ലെങ്കില്‍ അത് വീണ്ടും നിരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. ഇത് കേവലം ഹോണ്‍ തകര്‍ക്കല്‍ എന്നതിലുപരി, അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയാതെ പോകുന്നുണ്ടോ എന്നാണ് ഇവിടെ സംശയമുണ്ടാകുന്നത്.

ഗുരുതരമായ മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ, എയര്‍ഹോണില്‍ മാത്രം ഇത്തരത്തിലുള്ള അസാധാരണമായ നശിപ്പിക്കല്‍ നടപടിയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അമിത വേഗത, സിഗ്‌നല്‍ തെറ്റിക്കല്‍, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയവയെല്ലാം റോഡപകടങ്ങള്‍ക്ക് കാരണമാകുമ്പോള്‍, എയര്‍ഹോണ്‍ മാത്രം ഇത്രയും വലിയൊരു ‘വില്ലന്‍’ ആയോ എന്നാണ് പലരുടെയും ചോദ്യം.

കഴിഞ്ഞ ദിവസം കോതമംഗലത്ത് മന്ത്രിയുടെ പ്രസംഗത്തിനിടെ എയര്‍ഹോണ്‍ മുഴക്കി വാഹനമെത്തിയത് ഈ നടപടികള്‍ക്ക് പിന്നിലെ ഒരു കാരണമായി പറയപ്പെടുന്നു. ബസ് സ്റ്റാന്‍ഡിലേക്ക് ഹോണടിച്ച് അമിതവേഗത്തില്‍ കയറി വന്ന ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിക്കുകയും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രിയുടെ പ്രസംഗത്തിനിടെ ഹോണടിച്ചത് ശരിയായിരിക്കില്ല. പക്ഷേ, ഒരു സംഭവത്തിന്റെ പേരില്‍ ഇത്രയും ‘നാടകീയ’മായ ഒരു തീരുമാനമെടുത്തത് അല്‍പ്പം അതിരുകടന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.