പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമെന്ന് റിപ്പോര്‍ട്ട്. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത്. വിവരാവകാശ രേഖയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് ടൂറിസം വകുപ്പ് പ്രമോഷന്‍ നടത്തിയ ആളുകളുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയുമുണ്ട്.
ടൂറിസം വകുപ്പിന്റെ ചെലവില്‍ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര യാത്ര ചെയ്തതെന്ന് വ്യക്തമായി. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്ളോഗര്‍മാരുടെ പട്ടികയാണ് ഇപ്പോള്‍ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്.
33-കാരിയായ ജ്യോതി മല്‍ഹോത്ര പലതവണയാണ് പാകിസ്താന്‍ സന്ദര്‍ശിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ചാരവൃത്തി കേസില്‍ പലരെയും അറസ്റ്റ് ചെയ്തിരുന്നു. അക്കൂട്ടത്തിലെ പ്രമുഖയാണ് ജ്യോതി മല്‍ഹോത്ര. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനുമായി ജ്യോതി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് ആ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു.