ഗവര്‍ണറുടെ അതൃപ്തിയെ തുടർന്ന് സർക്കാർ നീക്കിയ കെ ആർ ജ്യോതിലാല്‍ വീണ്ടും പൊതുഭരണ വകുപ്പില്‍

Jaihind Webdesk
Tuesday, April 12, 2022

ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് പൊതുഭരണ വകുപ്പില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട കെ ആർ ജ്യോതിലാലിനെ വീണ്ടും അതേ വകുപ്പിലേക്ക് നിയമിക്കാന്‍ സർക്കാർ തീരുമാനം. ട്രാന്‍സ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ജ്യോതിലാലിന് അധിക ചുമതലായായിട്ടാണ് പൊതുഭരണ വകുപ്പിലെ  നിയമനം .

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പയറ്റിയ സമ്മർദ്ദ തന്ത്രത്തിനൊടുവിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിന്‍റെ സ്ഥാനം തെറിച്ചത്. ജ്യോതിലാലിനെ മാറ്റിയ ശേഷമായിരുന്നു ഗവർണർ അന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടത്. ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ ഹരി എസ്. കർത്തയെ നിയമിച്ചതിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലാണ് സർക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ അറിയിച്ചത്.

രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ് ഭവനിൽ നിയമിച്ചിട്ടില്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. തുടർന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടേണ്ടെന്ന നിലപാട് ഗവർണർ എടുത്തത്.