‘രോഗത്തിൽ രാഷ്ട്രീയം കാണുന്ന നിങ്ങളാണ് മുഖ്യമന്ത്രി ഇവിടുത്തെ യഥാർത്ഥ രോഗി’;രൂക്ഷവിമര്‍ശനവുമായി ജ്യോതികുമാര്‍ ചാമക്കാല

ഇടുക്കിയിലെ കൊവിഡ് ബാധിതനായ പൊതു പ്രവർത്തകനെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. മുഖ്യമന്ത്രി രോഗത്തില്‍ പോലും രാഷ്ട്രീയം കാണുകയാണെന്ന് അദ്ദേഹം  ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രതികരണം മനുഷ്യത്വരഹിതമാണ്. ഒരു രോഗലക്ഷണവും ഇല്ലാത്ത, വിദേശയാത്രയ്ക്ക് പോയിട്ടില്ലാത്ത, ബന്ധുക്കളാരും വിദേശത്തു നിന്ന് വന്നിട്ടില്ലാത്ത മനുഷ്യൻ വീട്ടിലിരിക്കണമായിരുന്നു എന്ന് പറയുന്നത് എവിടുത്തെ ന്യായമാണെന്നും അദ്ദേഹം ചോദിച്ചു.

ജ്യോതികുമാര്‍ ചാമക്കാലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

താങ്കൾ എന്തൊരു നീചഹൃദയനാണ് പിണറായി വിജയൻ….?

രോഗത്തിൽ, രോഗിയിൽ രാഷ്ട്രീയം കാണുന്ന താങ്കളുടെ മനസിന് നല്ല നമസ്കാരം….

ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകനെക്കുറിച്ച് എത്ര മനുഷ്യത്വരഹിതമായാണ് താങ്കൾ പറഞ്ഞത് ?

ഇറ്റലിക്കാർക്ക് രോഗം സ്ഥിരീകരിച്ചതു മുതൽ താങ്കൾ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നോ ?

താങ്കളടക്കമുള്ള പൊതുപ്രവർത്തകർ ഒരു പരിപാടിയിലും പങ്കെടുത്തില്ലേ ?

നിയമസഭ സമ്മേളിച്ചില്ലേ ?

ഇതേ ഇറ്റലിക്കാരുമായി അടുത്ത് ഇടപഴകിയ താങ്കളുടെ പാർട്ടിക്കാരായ പത്തനംതിട്ടയിൽ നിന്നുള്ള MLAയടക്കം സഭയിൽ വന്നില്ലേ ?

അവർക്കൊന്നും ഇല്ലാത്ത കുറ്റം കോൺഗ്രസ് നേതാവ് എ.പി ഉസ്മാന്. അല്ലേ ?

ഒരു രോഗലക്ഷണവും ഇല്ലാത്ത, വിദേശയാത്രയ്ക്ക് പോയിട്ടില്ലാത്ത, ബന്ധുക്കളാരും വിദേശത്തു നിന്ന് വന്നിട്ടില്ലാത്ത മനുഷ്യൻ വീട്ടിലിരിക്കണമായിരുന്നു എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ് ?

വിദേശത്ത് പോയി വന്ന താങ്കളുടെ ഡിജിപിയും ചീഫ് സെക്രട്ടറിയും എന്താണ് ചെയ്തത് ?

എന്നാൽ പനി തുടങ്ങിയ ശ്രീ ഉസ്മാൻ
നിങ്ങളുടെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയില്ലേ ?

ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചില്ലേ ?

എന്നിട്ടും ആ മനുഷ്യൻ കഴിയുന്നത്ര വീടിനുള്ളിൽ ഒതുങ്ങിക്കൂടിയില്ലേ ?

ഇതെല്ലാം മറച്ചുവച്ച് കോൺഗ്രസുകാരനാണെന്ന കാരണത്താൽ പ്രതിസ്ഥാനത്ത് നിർത്താൻ താങ്കൾക്ക് ലജ്ജയില്ലേ ?

രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം “പൊതുപ്രവർത്തനത്തിന്” ഇറങ്ങിയ താങ്കളുടെ പാർട്ടി നേതാവ് സക്കീർ ഹുസൈനെതിരെ കേസെടുത്തോ ?

ലോകനാഥ് ബഹ്റയും ടോം ജോസും സക്കീർ ഹുസൈനും കോവിഡിന് അതീതർ…

കോൺഗ്രസുകാരൻ മഹാ അപരാധി !

പേരു പറയുമെന്ന വിരട്ടലൊന്നും വേണ്ട.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള ശ്രീ ഉസ്മാൻ തന്നെ പരസ്യ പ്രസ്താവന ഇറക്കിയിട്ടുണ്ട്…

കോൺഗ്രസ് നേതാക്കൾ ഇനിയും ഈ ആർജവം കാണിക്കും…

രോഗത്തിൽ രാഷ്ട്രീയം കാണുന്ന നിങ്ങളാണ് മുഖ്യമന്ത്രീ ഇവിടുത്തെ യഥാർഥ രോഗി ….

Comments (0)
Add Comment