അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ; സി.പി.എം മുഖപത്രത്തിലെ വാർത്തക്കെതിരെ ജ്യോതികുമാർ ചാമക്കാല

Jaihind News Bureau
Sunday, August 23, 2020

Jyothikumar Chamakkala

ബി.എഡ് കോളേജിനായി വ്യാജരേഖ ചമച്ചെന്ന രീതിയില്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാർത്തക്കെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. രേഖകളെല്ലാം സർവകലാശാല പരിശോധിച്ചതിന് ശേഷമാണ് കോളേജിന് അനുമതി നല്‍കിയതെന്നും സി.പി.എമ്മിന്‍റെ പ്രതികാരനടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

2010 ല്‍ താന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായതോടെയാണ് സി.പിഎം ബിഎഡ് കോളജിനെതിരെ തിരിഞ്ഞതെന്ന് ജ്യോതികുമാർ പറയുന്നു. കേരള സര്‍വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും സഖാക്കള്‍ കാട്ടിക്കൂട്ടിയ ക്രമക്കേടുകള്‍ ചോദ്യം ചെയ്തതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. ലോ അക്കാദമി ലോ കോളജ് മാനേജ്‌മെന്‍റിനെതിരെ സ്വീകരിച്ച നിലപാടും സി.പി.എമ്മിനെ ചൊടിപ്പിച്ചു. സിന്‍ഡിക്കറ്റില്‍ ബിഎഡ് കോളജിന്‍റെ അഫിലിയേഷന്‍ റദ്ദാക്കിയെങ്കിലും അത് നടപ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ചില്ല. തുടർന്ന് വിജിലന്‍സിനെ ഉപയോഗിച്ചായി പ്രതികാര നടപടിയെന്ന് ജ്യോതികുമാർ ചാമക്കാല പറയുന്നു.

വ്യാജരേഖ ചമച്ചെന്ന് ബോധ്യമുണ്ടെങ്കില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സർക്കാരിനെ വെല്ലുവിളിക്കുന്നതായും ജ്യോതികുമാർ ചാമക്കാല പറഞ്ഞു. രേഖകള്‍ വ്യാജമല്ലെന്ന് സർവകലാശാലയ്ക്ക് ബോധ്യപ്പെട്ടതാണെന്നും അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലപാടാണ് സി.പി.എമ്മിന്‍റേതെന്നും ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു.

ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ( ചാമക്കാലയുടെ ) !
“ഭൂമിക്ക് വ്യാജരേഖ ചമച്ചു, ചാമക്കാലയുടെ കോളജ് പൂട്ടിക്കെട്ടും” എന്ന ദേശാഭിമാനി വാര്‍ത്തയുടെ വസ്തുതയന്വേഷിച്ച സുഹൃത്തുക്കളോട്….
ഇത് തുടങ്ങിയിട്ട് കാലം കുറെയായി. കോളജ് ഇപ്പോഴും അവിടെത്തന്നെയുണ്ട്.
കഥ ചുരുക്കിപ്പറയാം.
2004ല്‍ സര്‍ക്കാര്‍ ബിഎഡ് കോളജുകള്‍ അനുവദിച്ചു തുടങ്ങിയപ്പോള്‍ ചാമക്കാല എഡ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ പേരില്‍ അദ്ധ്യാപകനും ചെയർമാനുമായിരുന്ന എൻ്റെ പിതാവും അപേക്ഷ നല്‍കി.
ട്രസ്റ്റിലെ ട്രസ്റ്റികളിൽ ഒരാളായ എൻ്റെ മാതാവ് സരസ്വതിയമ്മയുടെ പേരില്‍ ഒരു എയ്‌ഡഡ് സ്കൂളും ആ സ്കൂളിന്‍റെ പേരില്‍ 3 ഏക്കര്‍ കോംപൗണ്ടും ഉണ്ടായിരുന്നു. പക്ഷെ ട്രസ്റ്റിന്‍റെ പേരിലേ കോളജ് നല്‍കൂ എന്ന് വ്യക്തമാക്കിയതിനാല്‍ ചാമക്കാല എഡ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ പേരില്‍ 1.29 ഏക്കര്‍ സ്ഥലം കൂടി സ്ക്കൂളിനോട് ചേർന്ന് വാങ്ങിയ ശേഷം സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കി.
സ്കൂളിന്‍റെ ട്രസ്റ്റിയായ സരസ്വതിയമ്മയുടെ അനുമതിയോടെയാണ് ഈ നടപടി.
വസ്തുസംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാലയ്ക്ക് നല്‍കുമ്പോള്‍ ആരുടെയൊക്കെ പേരില്‍ എത്രയൊക്കെ ഭൂമി എന്നതെല്ലാം സംബന്ധിച്ച കൃത്യമായ രേഖകളും നല്‍കിയിരുന്നു.
ഈ രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയത്. അതായത് ട്രസ്റ്റിയുടെ പേരിലുള്ള 3 ഏക്കര്‍ സ്ഥലവും സ്കൂളും അത് ഉപയോഗിക്കാൻ അവരുടെ അനുവാദവും ട്രസ്റ്റിന്‍റെ പേരിലുള്ള 1.29 ഏക്കര്‍ സ്ഥലവും ചേര്‍ത്താണ് അനുമതി തേടിയത്.
രേഖകളൊന്നും വ്യാജമല്ലെന്ന് സര്‍വകലാശാലയ്ക്ക് അന്ന് ബോധ്യപ്പെട്ടതാണ് .
2009ലാണ് ഞാന്‍ കോളജിന്‍റെ മാനേജരായത്. (ട്രസ്റ്റിൻ്റെ ചെയർമാനല്ല; നിയമാനുസൃതം അനുമതി ലഭിച്ച കോളേജിൻ്റെ മാനേജർ)
2010ല്‍ ഞാന്‍ കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായതോടെയാണ് സിപിഎം ഞങ്ങളുടെ ബിഎഡ് കോളജിനെതിരെ തിരിഞ്ഞത്..
കേരള സര്‍വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും സഖാക്കള്‍ കാട്ടിക്കൂട്ടിയ ക്രമക്കേടുകള്‍ ചോദ്യം ചെയ്തതതായിരുന്നു പ്രകോപനം.
പ്രത്യേകിച്ചും
ലോ അക്കാദമി ലോ കോളജ് മാനേജ്‌മെന്‍റിനെതിരെ ഞാനെടുത്ത നിലപാടാണ് ( സ്വാഭാവികമായും) സിപിഎമ്മിനെ ചൊടിപ്പിച്ചത്.
സിന്‍ഡിക്കറ്റില്‍ ബിഎഡ് കോളജിന്‍റെ അഫിലിയേഷന്‍ റദ്ദാക്കിയെങ്കിലും അത് നടപ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ചില്ല.
അപ്പോള്‍ പിന്നെ വിജിലന്‍സിനെ വച്ചായി പ്രതികാരം.
ഡിഐഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയായിരുന്ന എസ്‌.പി ദീപക് (മണ്ണുതിന്നല്‍ വിവാദത്തിലെ നായകന്‍) പരാതി കൊടുത്തു.
(ടിയാൻ ശിശുക്ഷേമ സമിതിയുടെ നേതൃത്വം വഹിച്ച 2017- 19ൽ 70 ലക്ഷം രൂപ വെട്ടിപ്പ് നടന്നതായി CPM നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. അതുകൊണ്ടാവാം പരാതിക്കാരനെക്കുറിച്ച് പറഞ്ഞപ്പോൾ CPM നേതാവ് എന്നത് ഒഴിവാക്കി പൊതുപ്രവർത്തകൻ എന്ന് ദേശാഭിമാനി അഭിസംബോധന ചെയ്തത്: https://www.facebook.com/212212688804281/posts/4692817854077053/?sfnsn=scwspwa&funlid=vr9fSkg52xz7DFZ9 )
വിജിലന്‍സ് കൊല്ലം യൂണിറ്റ് വിശദമായി അന്വേഷിച്ചു, അപാകതകളൊന്നും ഇല്ലെന്നും രേഖകള്‍ കൃത്യമാണെന്നും റിപ്പോര്‍ട്ട് കൊടുത്തു.
സിപിഎമ്മിനെതിരായ നിലപാട് ഞാന്‍ കടുപ്പിച്ചതോടെ വിജിലന്‍സിനോട് സര്‍ക്കാര്‍ പുനരന്വേഷണം നിര്‍ദേശിച്ചിരിക്കുകയാണ്.
എത്ര തവണ അന്വേഷിച്ചാലും ഫലം ഒന്നുതന്നെയാവും.
പക്ഷേ എന്‍റെ ചോദ്യങ്ങള്‍:
1.വ്യാജരേഖ ചമച്ചുവെന്ന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് വിജിലന്‍സ് കേസ് ? എനിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഞാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു..
2.കോളജിന്‍റെ അഫിലിയേഷന്‍ റദ്ദാക്കിയ നടപടി പ്രാവര്‍ത്തികമാക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇത്രയും വര്‍ഷമായിട്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സിന്‍ഡിക്കേറ്റ് തയാറാവാത്തതെന്ത് ?
യുജിസി റഗുലേഷന്‍സ് അട്ടിമറിച്ച് സ്വന്തം ഭാര്യക്ക് ജോലി കൊടുത്ത പി.രാജീവ് എഡിറ്ററായ പത്രത്തിലാണ് ഈ വാര്‍ത്ത വന്നതെന്നും ഓര്‍ക്കണം.
തലശേരി എംഎല്‍എ എ.എന്‍ ഷംസീറിന്‍റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം അനധികൃതമെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കിയതൊന്നും രാജീവിന്‍റെ പത്രത്തില്‍ വാര്‍ത്തയാവില്ല കേട്ടോ..
കുടുംബപുരാണങ്ങള്‍ കൂടുതല്‍ പറയിപ്പിക്കരുത്.
രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാന്‍ ആര്‍ജവമുള്ള ആരുണ്ട് സിപിഎമ്മില്‍ എന്നാണ് ചോദ്യം.
അല്ലാതെ സ്വപ്നയോട് തോറ്റതിന് സരസ്വതിയമ്മയോട് തീര്‍ക്കാന്‍ ഇറങ്ങുന്നത് പിതൃശൂന്യതയാണ്.