കാനഡയിൽ ഒക്ടോബർ 21-ന് പൊതുതെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി പാർലമെന്‍റ് പിരിച്ചുവിട്ടു

Jaihind News Bureau
Thursday, September 12, 2019


കാനഡയിൽ പാർലമെന്‍റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ബുധനാഴ്ച ആക്ടിംഗ് സ്റ്റേറ്റ് ഹെഡായ ഗവർണർ ജൂലിയ പയറ്റിനെ കണ്ടാണു പാർലമെന്‍റ് പിരിച്ചുവിടാൻ ട്രൂഡോ ശുപാർശ ചെയ്തത്.

ഒക്ടോബർ 21-നാണ് കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുക. പാർലമെന്‍റ് പിരിച്ചുവിട്ടതിനു പിന്നാലെ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഇത്തവണ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു കടുത്ത വെല്ലുവിളിയാണു ഭരണകക്ഷിയായ ലിബറൽ പാർട്ടി നേരിടുന്നത്. അഭിപ്രായ സർവേകളും ഇതു ശരിവയ്ക്കുന്നു.

2015-ലാണു ലിബറൽ പാർട്ടി നേതാവായ ട്രൂഡോ കാനഡയിൽ അധികാരത്തിലെത്തുന്നത്. എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി ബന്ധപ്പെട്ടു ട്രൂഡോയ്‌ക്കെതിരെയും സർക്കാരിനെതിരെയും അഴിമതി ആരോപണമുയർന്നിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ അതൃപ്തിയുണ്ടെന്നാരോപിച്ച് കാനഡയിലെ മുതിർന്ന മന്ത്രിയടക്കം രാജിവയ്ക്കുകയും ചെയ്തു.