ജസ്റ്റിസ് യശ്വന്ത് വര്‍മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നേരിടുന്ന ജഡ്ജിയാണ് ഇദ്ദേഹം. എന്നാല്‍ ആഭ്യന്തര അന്വേഷണം അവസാനിക്കും വരെ അദ്ദേഹത്തിന് ഒരു ജുഡീഷ്യല്‍ ജോലിയും നല്‍കില്ല. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ശേഷം, ജസ്റ്റിസ് വര്‍മ്മ സീനിയോറിറ്റിയില്‍ ആറാം സ്ഥാനത്താണ്.
ജഡ്ജിമാര്‍ക്കായി സാധാരണയായി നടത്തുന്ന സാധാരണ പൊതു സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു സ്വകാര്യ ചേംബറിലാണ് സത്യപ്രതിജ്ഞാ ചടങ്ങു നടന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെയാണ് അനധികൃത പണം കണ്ടെത്തിയ സംഭവം ഉണ്ടായത്. ഇതിനെതുടര്‍ന്ന അലഹബാദ് ഹൈക്കോടതിയിലേക്ക് ഇദ്ദേഹത്തെ തിരിച്ചയച്ചതായി സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. എന്നാല്‍ ഈ നടപടിയ്‌ക്കെതിരേ അലഹബാദ് ബാര്‍ അസോസിയേഷന്‍ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും സ്്ഥലം മാ്റ്റിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞയാഴ്ച സുപ്രീം കോടതി തള്ളിക്കളഞ്ഞു, മൂന്നംഗ പാനല്‍ ഈ വിഷയം അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണം അവസാനിച്ച ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
മാര്‍ച്ച് 14 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ വസതിയിലെ ഔട്ട്ഹൗസില്‍ തീപിടിത്തമുണ്ടായത്. ആ സമയത്ത് ജസ്റ്റിസ് വര്‍മ്മ നഗരത്തിലില്ലായിരുന്നു. അഗ്‌നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തിയപ്പോള്‍, സ്റ്റോര്‍ റൂമില്‍ ഭാഗികമായി കത്തിയ പണത്തിന്റെ കൂമ്പാരം കണ്ടെത്തി. സംഭവം നിയമവൃത്തങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതോടെ, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ചീഫ് ജസ്റ്റിസ് മൂന്നംഗ പാനല്‍ രൂപീകരിച്ചു.തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം എന്നാണ് ജസ്്റ്റിസ് വര്‍മ്മ ഇക്കാര്യത്തില്‍ അവകാശപ്പെട്ടത്. ആരോപണങ്ങള്‍ അദ്ദേഹം തള്ളിക്കളയുന്നു.