ന്യൂ ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പരമോന്നത നീതിപീഠത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കുമെന്ന് ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നാല്‍പ്പത്തൊമ്പതാമത്തെ ചീഫ് ജസ്റ്റിസായാണ് അദ്ദേഹം ചുമതലയേറ്റത്.
1986 മുതല്‍ 1992 വരെ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ജൂനിയറായി പ്രവർത്തിച്ചിരുന്നു. സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്കുവേണ്ടിയും ബാബരി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യനടപടിയില്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനുവേണ്ടിയും കൃഷ്ണമൃഗവേട്ട കേസില്‍ സല്‍മാന്‍ ഖാനുവേണ്ടിയും ഹാജരായിട്ടുണ്ട്. നവംബര്‍ എട്ടുവരെയാണ് ജസ്റ്റിസ് യു യു ലളിതിന്‍റെ കാലാവധി.