ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിറങ്ങി

Jaihind News Bureau
Friday, January 2, 2026

 

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസകും. സുപ്രീംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവിറക്കിയതോടെയാണ് നിയമനത്തിന് ഔദ്യോഗിക സ്ഥിരീകരണമായത്. നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒന്‍പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് സൗമെന്‍ സെന്‍ നിയമിതനാകുന്നത്. ജനുവരി പത്തിന് അദ്ദേഹം പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹം. കഴിഞ്ഞ ഡിസംബര്‍ 18-നാണ് ജസ്റ്റിസ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. കൊല്‍ക്കത്ത സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലത്തെ നിയമപരിചയവുമായാണ് കേരളത്തിലേക്ക് എത്തുന്നത്.

1991-ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജസ്റ്റിസ് സൗമെന്‍ സെന്‍, 2011 ഏപ്രില്‍ 13-നാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. പിന്നീട് കഴിഞ്ഞ ഓഗസ്റ്റില്‍ അദ്ദേഹത്തെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് 2027 ജൂലൈ 27 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.