ജസ്റ്റിസ് എസ് മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയർമാന്‍; വിയോജിച്ച് പ്രതിപക്ഷ നേതാവ്

Monday, August 7, 2023

 

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പുതിയ ചെർമാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാറിനെ തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവിന്‍റെ വിയോജനക്കുറിപ്പോടെയാണ് നിയമനം. അതേസമയം വിശദമായ വിയോജനക്കുറിപ്പ് പ്രതിപക്ഷ നേതാവ് സർക്കാരിനു കൈമാറും.

ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് എസ് മണികുമാറിന്‍റെ നിയമനം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ഇദ്ദേഹം. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിയോജിപ്പ് അറിയിച്ചെങ്കിലും മുഖ്യമന്ത്രിയും സ്പീക്കറും നിയമനത്തെ അനുകൂലിച്ചു.

ഏപ്രിൽ 24ന് ആയിരുന്നു എസ് മണികുമാർ കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ചത്. അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ഇദ്ദേഹത്തിന് സംസ്ഥാന സർക്കാർ കോവളത്തെ ഹോട്ടലിൽ യാത്രയയപ്പ് നൽകിയതിനെതിരെ വലിയ വിമർശനം  ഉയർന്നിരുന്നു. ആദ്യമായാണ് സംസ്ഥാന സർക്കാർ, വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു യാത്രയപ്പ് നൽകിയത്.