അവസാന കാലത്ത് സർക്കാർ കടുംവെട്ട് നടത്തുന്നു ; ഈ രീതിയിലാണെങ്കിൽ പി.എസ്.സിയുടെ ആവശ്യമില്ല ; തുറന്നടിച്ച് കെമാൽ പാഷ

Jaihind News Bureau
Monday, February 8, 2021

 

തൃശൂർ : അവസാന കാലത്ത് എൽഡിഎഫ് സർക്കാർ കടുംവെട്ട് നടത്തുകയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഈ രീതിയിലാണെങ്കിൽ കേരളത്തിൽ പി.എസ്.സി യുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്‍റെ നിയമ പോരാട്ടങ്ങളെ കുറിച്ചുള്ള പുസ്തകത്തിന്‍റെ പ്രകാശനം തൃശൂർ കുതിരാനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ ശബ്ദിക്കുന്നതിന്‍റെ പേരിൽ താൻ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്ന് കെമാൽ പാഷ പറഞ്ഞു. എന്നാൽ തന്‍റെ നിലപാടുകളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമവീഥിയിലൂടെ വികസനം എന്ന പുസ്തകം ടി.എൻ പ്രതാപൻ എം.പിക്ക് ആദ്യ പ്രതി നൽകി ജസ്റ്റിസ് കെമാൽ പാഷ പ്രകാശനം ചെയ്തു.

ഷാജി കോടങ്കണ്ടത്ത് എന്ന പൊതുപ്രവർത്തകന്‍റെ അനുകരണീയ മാതൃകയുടെ നേർ സാക്ഷ്യമാണ് എ.ഡി. ഷാജു രചിച്ച ഈ പുസ്തകം. മലയോര മണ്ണിന്റെ മനസിനൊപ്പം ചേർന്ന് നിന്ന നിരവധി പോരാട്ട മുഹൂർത്തങ്ങൾ പൊതുപ്രവർത്തകർക്ക് ഒരു പാഠമാണ്. വിവരാവകാശ നിയമത്തിന്റെ അനന്ത സാധ്യതകളിലൂടെ ജനകീയ വിഷയങ്ങളിലെ സജീവമായ ഇടപെടൽ ഇവിടെ വായിച്ചെടുക്കാം.

നെടുമ്പാശേരി വിമാനത്താവളത്തിലെ ചായക്കൊള്ളക്കെതിരെ നേടിയ വിജയം ദേശീയ ശ്രദ്ധ നേടി. കുതിരാൻ ദേശീയ പാതയിലെ മനുഷ്യ കുരുതിക്കെതിരെ ഇന്നും പോരാട്ടം തുടരുന്നു. പാലിയേക്കരയിലെ ടോൾ ചൂഷണത്തിനെതിരെ ഒരിക്കലും സന്ധിയില്ല. ഇങ്ങനെ , നിയമ വീഥിയിലും ജനകീയ ഇടപെടലിലും വികസന വെളിച്ചം വിതറിയ ഒട്ടേറേ സന്ദർഭങ്ങളിലൂടെ കടന്നു പോവുകയാണ് ഈ പുസ്തകം.