തൃശ്ശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ഗൂഡാലോചന ഒളിപ്പിക്കാന്‍ തത്രപ്പാടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

കൊച്ചി: തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണം നടത്തിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രഹസനമായ അന്വേഷണമാണ് നടത്തിയത്. അതിനാല്‍ റിപ്പോര്‍ട്ടിനും പ്രസക്തിയില്ല. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

പൂരം കലക്കലില്‍ ഇതുവരെയും ഒരു അന്വേഷണവും നടന്നിട്ടില്ല. ഇന്നലെ തട്ടികൂട്ടിയ റിപ്പോര്‍ട്ടാണിത്. മുഖ്യമന്ത്രിയുടേയും എ.ഡി.ജി.പിയുടെയും അറിവോടെയാണ് ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയത്. പൂരം കലക്കലിലൂടെ സി.പി.എം ലക്ഷ്യമിട്ടത് ബി.ജെ.പിയെ ജയിപ്പിക്കലായിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ബാഹ്യ ഇടപെടലില്ലെന്നാണ് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ബോധപൂര്‍വമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമീഷണറായിരുന്നു അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോര്‍ട്ട്. കമ്മീഷണര്‍ അങ്കിത് അശോകിന്റെ പരിചയക്കുറവാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Comments (0)
Add Comment