ഇലക്ടറല്‍ ബോണ്ട് ഇല്ലാതായിട്ടും ബിജെപി ഖജനാവ് നിറഞ്ഞു; കോർപ്പറേറ്റ് കോടികളുമായി ബിജെപി; ജനാധിപത്യം പണയത്തിൽ

Jaihind News Bureau
Monday, December 22, 2025

ന്യൂഡല്‍ഹി : ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് കണ്ട് സുപ്രീം കോടതി റദ്ദാക്കിയിട്ടും ബിജെപിയിലേക്കുള്ള വൻതോതിലുള്ള പണമൊഴുക്ക് തടസ്സമില്ലാതെ തുടരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 6,088 കോടി രൂപയാണ് ബിജെപി സംഭാവനയായി സമാഹരിച്ചത്. മുൻവർഷം ലഭിച്ച 3,965 കോടി രൂപയെ അപേക്ഷിച്ച് 53 ശതമാനത്തിന്റെ വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം ഭരണകൂട സ്വാധീനം ഉപയോഗിച്ച് വൻകിട കോർപ്പറേറ്റുകളെ പാർട്ടിയിലേക്ക് അടുപ്പിച്ചു എന്നതിന്റെ തെളിവാണ് ഈ ഭീമമായ തുക.

പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ഇതേ കാലയളവിൽ ലഭിച്ചത് വെറും 522.13 കോടി രൂപ മാത്രമാണ്. അതായത് കോൺഗ്രസിനേക്കാൾ 12 മടങ്ങിലധികം സമ്പത്താണ് ബിജെപി സമാഹരിച്ചിരിക്കുന്നത്. 12 പ്രമുഖ പ്രതിപക്ഷ പാർട്ടികൾക്ക് ആകെ ലഭിച്ച 1,343 കോടി രൂപയുടെ നാലിരട്ടിയിലധികം ബിജെപി ഒറ്റയ്ക്ക് നേടിയെടുത്തു എന്നത് രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തിലെ ഭയാനകമായ സാമ്പത്തിക അസമത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട്, വേദാന്ത തുടങ്ങിയ വൻകിട കുത്തക കമ്പനികൾ പാർട്ടിയുടെ പ്രധാന ദാതാക്കളായി തുടരുന്നത് കോർപ്പറേറ്റ്-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഴം വ്യക്തമാക്കുന്നു.

അധികാരം ദുരുപയോഗം ചെയ്ത് രാജ്യത്തെ രാഷ്ട്രീയത്തെയും ജനാധിപത്യ പ്രക്രിയയെയും വിലയ്ക്കുവാങ്ങാനുള്ള ബിജെപിയുടെ ആസൂത്രിത അജണ്ടയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ കോടതി വിധി പോലും ഈ പണമൊഴുക്കിനെ ബാധിച്ചിട്ടില്ല എന്നത് ഗൗരവകരമാണ്. സാമ്പത്തികമായി പ്രതിപക്ഷത്തെ തളർത്തിയും സർക്കാർ ഏജൻസികളെ ഉപയോഗിച്ചും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പണക്കൊഴുപ്പുകൊണ്ട് നേരിടുന്ന ഈ രീതി സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് ഭീഷണിയാണ്.