തിക്കുറിശി ഫൗണ്ടേഷൻ മാധ്യമ പുരസ്‌കാരം; ജയ്‌ഹിന്ദ്‌ ടിവിക്ക്‌ അംഗീകാരം, ജോയി നായർ മികച്ച സ്പോർട്സ് അവതാരകൻ

Monday, March 11, 2024

 

തിരുവനന്തപുരം : തിക്കുറിശി ഫൗണ്ടേഷന്‍റെ പതിനാറാമത് അച്ചടി ദൃശ്യ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള ദൃശ്യമാധ്യമ പുരസ്‌ക്കാരം ജയ്ഹിന്ദ് ടിവിയിലെ ജോയി നായര്‍ക്ക് ലഭിച്ചു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളില്‍ നടക്കുന്ന തിക്കുറിശി അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ്, മുന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍, ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. സുന്ദര്‍ശന്‍, വിപിന്‍ മോഹന്‍ തുടങ്ങിയവര്‍ അവാര്‍ഡ് സമ്മേളനത്തില്‍ പങ്കെടുക്കും. ബേബി മാത്യു സോമതീരം ചെയര്‍മാനും മാധ്യമപ്രവര്‍ത്തകരായ രാജീവ് ഗോപാലകൃഷ്ണന്‍, സുരേഷ് വെള്ളിമംഗലം, ഡി. പ്രമേഷ് കുമാര്‍, രാജന്‍ വി. പൊഴിയൂര്‍, ശശി ഫോക്കസ് എന്നിവര്‍ ചേര്‍ന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. തിക്കുറിശി ഫൗണ്ടേഷന്‍ സെക്രട്ടറി രാജന്‍ വി പൊഴിയൂര്‍, പ്രസിഡന്‍റ് ബി. മോഹനചന്ദ്രന്‍ നായര്‍ അടക്കമുള്ളവര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.