ഗവർണറെ വിമർശിക്കുന്നതിനിടെ ഗണ്‍മാന്‍റെ അതിക്രമത്തെക്കുറിച്ച് ചോദ്യം; മൈക്ക് ഓഫ് ചെയ്ത് എഴുന്നേറ്റ് മുഖ്യമന്ത്രി

Jaihind Webdesk
Sunday, December 17, 2023

 

പത്തനംതിട്ട: ആലപ്പുഴയിൽ ഗൺമാൻ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി.  നവകേരള സദസിനിടയിലെ വാർത്താസമ്മേളനത്തില്‍ ഗവർണർക്കെതിരെ രൂക്ഷ വിമർശം നടത്തിക്കൊണ്ടിരിക്കുന്നതിനിടയാണ് ഗണ്‍മാന്‍റെ അതിക്രമം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയത്. ഇതോടെ  ‘ഇന്നത്തെ സമയം കഴിഞ്ഞു’ എന്നു പറഞ്ഞ് മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്തു. ഗൺമാന്‍റെ മർദ്ദനത്തെക്കുറിച്ചുള്ള ചോദ്യം കേട്ടെങ്കിലും കേട്ടതായി ഭാവിക്കാതെ എഴുന്നേറ്റു പോവുകയായിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. ഗവർണർ എന്തൊക്കെയോ വിളിച്ചുപറയുന്ന അവസ്ഥയിലെത്തിയെന്നും കേരളത്തിലെ ഗവർണറാണ് എന്ന കാര്യം തന്നെ അദ്ദേഹം മറന്നുപോവുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.