സി.പി.എം പ്രവർത്തകരുടെ അക്രമം പകർത്തിയ മാധ്യമപ്രവർത്തകന് വധഭീഷണി ; ജയ്ഹിന്ദ് ടി.വി റിപ്പോർട്ടർക്കെതിരെ കള്ളക്കേസെടുത്ത് പിണറായി പൊലീസ്

Jaihind News Bureau
Tuesday, December 22, 2020

 

കണ്ണൂർ : യു.ഡി.എഫ് വിജയാഹ്ലാദത്തിന് നേരെസി.പി.എം പ്രവര്‍ത്തകർ നടത്തിയ അതിക്രമം മൊബൈലില്‍ പകർത്തിയ മാധ്യമപ്രവർത്തകന് നേരെ കള്ളക്കേസെടുത്ത് പൊലീസ്. ജയ്ഹിന്ദ് ടി.വി കണ്ണൂർ ബ്യൂറോ ചീഫ് ധനിത് ലാല്‍ എസ് നമ്പ്യാർക്ക് നേരെയാണ് പിണറായി പൊലീസിന്‍റെ പ്രതികാര നടപടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ ഡിസംബർ 16 ന് യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിന് നേരെയാണ് സി.പി.എം പ്രവർത്തകർ ആക്രമം അഴിച്ചുവിട്ടത്. കണ്ണൂർ കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനവും തുടർന്ന് അതിന് നേരെ സി.പി.എം പ്രവർത്തകർ നടത്തിയ അക്രമവും പകർത്തിയ ധനിത് ലാലിനെയും സി.പി.എം പ്രവർത്തകർ ആക്രമിച്ചു. ധനിത്തിനെ ആക്രമിച്ച സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ മൊബൈലും ഡിജിറ്റല്‍ പേനയും പിടിച്ചുവാങ്ങുകയും എറിഞ്ഞുതകർക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകർത്തിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസില്‍ വിളിച്ച് പരാതിപ്പെട്ടെങ്കിലും തിരക്കാണെന്നായിരുന്നു മറുപടി. പരാതിയുമായി ബന്ധപ്പെട്ട് വീണ്ടും വിളിച്ചപ്പോഴാണ് പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരില്‍ ധനിത്തിനെതിരെ സ്വമേധയാ കേസെടുത്തതായി അറിയിച്ചത്. എതിർശബ്ദങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന് കരുതേണ്ടെന്നും നീതിക്കായുള്ള പോരാട്ടത്തില്‍ ഏവരുടെയും പിന്തുണ വേണമെന്നും ധനിത് ഫേസ്ബുക്കില്‍ കുറിച്ചു.

 

ധനിത് ലാല്‍ എസ് നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

 

എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായി മാധ്യമപ്രവർത്തകനായ എനിക്കെതിരെ കള്ളക്കേസുമായി പിണറായിയുടെ പൊലീസ്.സി പി എം പ്രവർത്തകരുടെ അതിക്രമം മൊബൈലിൽ ചിത്രീകരിച്ച മാധ്യമ പ്രവർത്തകനായ എനിക്കെതിരെ എടക്കാട് പൊലീസ് കേസ്സെടുത്തു. പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന പേരിലാണ് കേസ്സെടുത്തത്. ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്ത കാര്യം ഞാൻ അറിയുന്നത്.

16/12/20 ന് വൈകുന്നേരം കണ്ണൂർ കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയിൽ യു ഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തെ സി പി എം – ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പടെ അക്രമിക്കപ്പെട്ടു. പെരളശ്ശേരി, മുഴപ്പിലങ്ങാട്, ചെമ്പിലോട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സി പി എം -ഡിവൈഎഫ്ഐ പ്രവർത്തകർ കടമ്പൂർ പഞ്ചായത്തിലെ പ്രവർത്തകരുമായി ചേർന്നാണ് അക്രമം നടത്തിയത്.

ആഹ്ലാദ പ്രകടനവും തുടർന്നുണ്ടായ സംഘർഷവും വാർത്ത നൽകുന്നതിനായി മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ എൻ്റെ മൊബൈൽ ഫോൺ (Samsung Note 9 ( SM N960 F) സി പി എം പ്രവർത്തകർ
ചേർന്ന് ബലമായി പിടിച്ചെടുത്ത് വലിച്ചെറിഞ്ഞ് നശിപ്പിച്ചു.. എന്നെ അക്രമിച്ച് ബലം പ്രയോഗിച്ച് എൻ്റെ കൈയിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി റോഡരികിലെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു.ഇതിനെ തുടർന്ന് എൻ്റെ മൊബൈലിൻ്റെ ഡിസ്പ്ലെയ്ക്ക് തകരാർ സംഭവിച്ചു.മൊബൈലിന് ഒപ്പം ഉണ്ടായിരുന്ന നാലായിരത്തോളം രൂപ വിലവരുന്ന ഡിജിറ്റൽ പേന (Spen ) നശിപ്പിക്കുകയും ചെയ്തു. എന്നെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു.മൊബൈലിൽ ഷൂട്ട് ചെയ്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
മൊബൈൽ തകരാറിൽ ആയതിനെ തുടർന്ന് മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എൻ്റെ ഡ്യൂട്ടി ചെയ്യാൻ കഴിഞില്ല. മാത്രമല്ല ഫോണിൽ ചിത്രീകരിച്ച അക്രമത്തിൻ്റെ ദൃശ്യങ്ങൾ ലഭ്യമല്ലാതായതോടെ എനിക്ക് ആ ദൃശ്യങ്ങൾ സഹിതം അക്രമത്തിൻ്റെ വാർത്ത നൽകാൻ കഴിഞ്ഞില്ല. അക്രമം നടന്ന ദിവസം 16 ന് രാത്രിയിൽ ഇതുസംബന്ധിച്ച എൻ്റെ പരാതി എടക്കാട് എസ് ഐക്ക് മെയിൽ അയച്ചിരുന്നു. കണ്ണുർ എസ് പിക്കും പരാതിഅയച്ചിരുന്നു. 17 ന് വൈകുന്നേരം എടക്കാട് പൊലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ച് പരാതി പറഞ്ഞെങ്കിലും തിരക്കാണെന്നും പിന്നെ വിളിക്കാനുമാണ് പറഞ്ഞത്. ഇന്നലെ എൻ്റെ പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ വീണ്ടും വിളിച്ചപ്പോഴാണ് എനിക്കെതിരെ പൊലീസിൻ്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് പൊലീസ് സ്വമേധയാ കേസ്സെടുത്തവിവരം അറിയുന്നത്. എൻ്റെ അറുപതിനായിരത്തോളം രൂപ വിലവരുന്ന മൊബൈൽ നശിപ്പിച്ച സംഭവത്തിൽ പൊലീസ് ഇതുവരെ കേസ്സെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല.
കോൺഗ്രസ്സിൻ്റെ ഔദ്യോഗിക ചാനലിൻ്റെ ബ്യൂറോ ചീഫായ എനിക്ക് എതിരെ രാഷ്ട്രിയ പകപോക്കലിൻ്റെ ഭാഗമായി സി പി എം നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസ്സെടുത്തത് . എൻ്റെ തൊഴിൽ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തൊഴിൽ ഉപകരണം നശിപ്പിച്ചവർക്കെതിരെ നടപടി എടുക്കാതെ ഏകപക്ഷീയമായാണ് എനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായി മാത്രമെ എനിക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തതിനെ കാണാൻ കഴിയു,മറ്റു പഞ്ചായത്തിൽ നിന്നുള്ളവർ കാടാച്ചിറയിൽ കടന്ന് വന്ന് അക്രമം സൃഷ്ടിക്കുമ്പോൾ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. കണ്ണൂരിലെ സി പി എം, അക്രമങ്ങളും, വിവിധ മന്ത്രിമാരുടെ അഴിമതികൾ സംബന്ധിച്ച വാർത്തകളും പുറത്ത് കൊണ്ടുവന്ന എനിക്ക് നേരത്തെ തന്നെ സി പി എം പ്രവർത്തകരുടെ ഭീഷണി ഉണ്ടായിരുന്നു. വോട്ടെടുപ്പിൻ്റെ തലേദിവസം മുഴക്കുന്നിലെ സി പി എം പ്രവർത്തകൻ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
സി പി എം ലോക്കൽ കമ്മിറ്റി നൽകിയ ലിസ്റ്റ് അനുസരിച്ചാണ് എനിക്കെതിരെ എടക്കാട് പൊലീസ് കേസ്സെടുത്തിരിക്കുന്നത്. എതിർശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയു.കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ അംഗമായ ഞാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാട്ടിലെ പ്രചാരണ പ്രവർത്തനങ്ങളിലും സജീവായിരുന്നു.എൻ്റെ വാർഡിൽ ഞാൻ ഉൾപ്പടെയുള്ളവരുടെ പ്രവർത്തനം കാരണം വൻ പരാജയമാണ് വാർഡിലും, പഞ്ചായത്തിലും സി പി എം ഏറ്റുവാങ്ങിയത്.
ഉത്തർപ്രദേശിൽ എതിർശബ്ദങ്ങളെ അടിച്ചമർത്താൻ യോഗി സർക്കാർ പ്രയോഗിച്ച അതേ തന്ത്രമാണ് പിണറായിയുടെ പൊലീസും നടപ്പാക്കുന്നത്.. ആശയപരമായി എതിർപ്പുള്ളവർക്കെതിരെ കേസെടുത്ത് ഭീഷണിയിലൂടെ അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാണ്.നീതിക്കായുള്ള പോരാട്ടത്തിൽ നിങ്ങൾ ഏവരുടെയും പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു
Dhanithlal.S. Nambiar

 

https://www.facebook.com/dhanithlal.snambiar/posts/3608896712532657