ഉത്തർപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും അക്രമികള്‍ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു

Jaihind Webdesk
Sunday, August 18, 2019

ഉത്തർപ്രദേശ്: സഹാറന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും അജ്ഞാതര്‍ പട്ടാപ്പകല്‍ വീട്ടില്‍കയറി വെടിവെച്ചുകൊന്നു. ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍ ആഷിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷുമാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മദ്യമാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.  നിരവധി തവണ ആഷിഷിനെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മദ്യമാഫിയയുടെ പ്രതികാരനടപടിയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന് സംശയിക്കപ്പെടുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഭീഷണിയെപ്പറ്റി പരാതി നല്‍കിയിട്ടും പോലീസ് കണക്കിലെടുത്തില്ല എന്ന ആക്ഷേപമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലത്ത് പ്രദേശവാസികള്‍ പ്രതിഷേധിച്ചു.

സഹരാന്‍പുരിലെ മാധവ് നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്. അക്രമികള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഷിന്‍റെ സഹോദരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍വെച്ചാണ് ആഷിഷ് മരിച്ചത്. ആശിഷിന്‍റെ ഗർഭിണിയായ ഭാര്യക്കും ആക്രമണത്തില്‍ പരിക്കേറ്റിറ്റുണ്ട്.