ഭർതൃപീഡനത്തെക്കുറിച്ച് പരാതിപറഞ്ഞ യുവതിയോട് കയർത്ത് ജോസഫൈന്‍ ; ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

Jaihind Webdesk
Thursday, June 24, 2021

തിരുവനന്തപുരം : ഭർതൃപീഡനത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയോട് കയർത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി വാർത്താചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്.

യുവതി സംസാരിച്ച് തുടങ്ങിയതുമുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പെരുമാറിയത്.  2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്‍ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍. ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു എം.സി.ജോസഫൈന്റെ  പ്രതികരണം.

കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് ജോസഫൈന്‍. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഭര്‍തൃപീഡനത്തിന് ഇരയായ യുവതിയോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.

നേരത്തെ കിടപ്പുരോഗിയായ വയോധികയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട ജോസഫൈന്റെ നടപടിയും വിവാദമായിരുന്നു. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ  വനിത കമ്മീഷന്‍ അധ്യക്ഷ ശകാരിക്കുകയും ചെയ്തു.89 വയസുള്ള വയോധിക എന്തിനാണ് വനിതാ കമ്മീഷന് പരാതി നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു അധിക്ഷേപം. പരാതിക്കാരി ആരായാലും വിളിക്കാവുന്നിടത്ത് ഹിയറിങിന് ഹാജരാകണമെന്നും ജോസഫൈന്‍ ഇയാളോട് പറയുകയും ചെയ്തു.