ജോസ് കെ മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു ; പാലായില്‍ നിന്ന് മത്സരിച്ചേക്കും

Jaihind News Bureau
Saturday, January 9, 2021

ന്യൂഡല്‍ഹി : കേരള കോണ്‍ഗ്രസ് എം ചെയർമാന്‍ ജോസ് കെ മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടുകൂടിയാണ് ജോസിന്‍റെ രാജിയെന്നാണ് സൂചന. അതേസമയം പാലാ സീറ്റിനെ ചൊല്ലി എൻസിപി, മുന്നണി വിടുന്നെങ്കിൽ തടയേണ്ട എന്ന നിലപാടിലാണ് സിപിഎം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടായതോടെയാണ് രാജ്യസഭാ എം.പി സ്ഥാനം ജോസ് കെ മാണി രാജിവെക്കുന്നത്. കേരള കോണ്‍ഗ്രസിന് തന്നെ തിരികെ ലഭിക്കുന്ന രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം പീന്നീട് തീരുമാനിക്കും.

അതേസമയം പാലാ സീറ്റിനെ ചൊല്ലി എൻ.സി.പി മുന്നണി വിടുന്നെങ്കിൽ തടയേണ്ട എന്ന നിലപാടിലാണ് സിപിഎം. സി.പി.ഐ നിലപാടും ശരദ് പവാർ നടത്തുന്ന നീക്കങ്ങളുമാകും എൻ.സി.പി-എൽ.ഡി.എഫ് ബന്ധത്തിൽ ഇനി നിർണായകമാവുക. അതേസമയം കോട്ടയത്ത് എ.കെ ശശീന്ദ്രൻ വിഭാഗം യോഗവും വിളിച്ചിരിക്കുകയാണ്.