അച്ചടക്കം ലംഘിച്ചവർ പുറത്ത് എന്നതാണ് യുഡിഎഫ് നിലപാട് ; സീറ്റുകള്‍ രാജിവെച്ച് ജോസ് വിഭാഗം ധാർമ്മികത കാണിക്കണം: ബെന്നി ബെഹനാന്‍ എം.പി

Jaihind News Bureau
Tuesday, September 8, 2020

 

തൃശൂർ: യുഡിഎഫ് നൽകിയ നാല്  സീറ്റുകളും രാജിവെച്ചാണ് ജോസ് കെ മാണി വിഭാഗം ധാർമികത കാണിക്കേണ്ടതെന്ന് മുന്നണി കൺവീനർ ബെന്നി ബെഹനാന്‍ എം.പി. മുന്നണിയുടെ അച്ചടക്കം ലംഘിച്ചവർ പുറത്ത് എന്നതാണ് യുഡിഎഫ് നിലപാട്. കെ. എം മാണിയുടെ ആത്മാവിനോട് നീതി പുലർത്തുന്ന മുന്നണിയാണ് യുഡിഎഫ്. മാണിയുടെ രക്തത്തിന് വേണ്ടി വാദിച്ചവരാണ് എൽഡിഎഫ് നേതാക്കൾ എന്നും ബെന്നി ബെഹനാന്‍ തൃശൂരിൽ പറഞ്ഞു.

ജോസ് പക്ഷം യുഡിഎഫിനോട് വിശ്വാസവഞ്ചന കാണിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. മുന്നണി മര്യാദ പാലിക്കാതെ നേതൃത്വത്തെ വെല്ലുവിളിച്ചു. കെ.എം മാണിയുണ്ടായിരുന്നെങ്കിൽ യു.ഡി.എഫിനെ പിന്നിൽ നിന്ന് കുത്തില്ലായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി മര്യാദകൾ ലംഘിച്ചതിനാണ് ജോസ് പക്ഷത്തെ മാറ്റി നിർത്തിയത്. ഒരു അച്ചടക്ക നടപടിയും ഇതുവരെ അവർക്കെതിരെ എടുത്തിട്ടില്ല. മുന്നണിവിടാന്‍ തീരുമാനിച്ചാല്‍ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കണം. മുന്നണിവിടുന്ന എം.എല്‍.എമാരും രാജിവയ്ക്കണം. ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും യു.ഡി.എഫ് യോഗത്തിനു ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.