ഈ കുറിപ്പ് എഴുതുമ്പോൾ എന്‍റെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണീരിന്‍റെ പേരും ഉമ്മൻ ചാണ്ടി എന്നുതന്നെയാണ്…

Jaihind Webdesk
Tuesday, July 25, 2023

 

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ച് 2004 മുതൽ 2016 വരെ അദ്ദേഹത്തിന്‍റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും ജനസമ്പര്‍ക്ക പരിപാടിയുടെ നോഡല്‍ ഓഫീസറുമായിരുന്ന ജോജി ജോർജ് ജേക്കബ്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യനെ കൂടിയാണ് മനസിലായതെന്ന് അദ്ദേഹം പറയുന്നു. ചെറിയ തെറ്റുകള്‍ക്കോ കുറ്റങ്ങള്‍ക്കോ പഴി പറയുകയോ ശകാരിക്കുകയോ ചെയ്യാതെ  അദ്ദേഹം ആത്മവിശ്വാസം പകർന്നുനല്‍കി. ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയുടെ സ്നേഹം ലഭിച്ചത് കരുതലിന്‍റെ രൂപത്തിലാണെങ്കിൽ കൂടെനിന്നവർക്ക് അത് കിട്ടിയത് സംരക്ഷണത്തിന്‍റെ ഭാവത്തിലായിരുന്നു. ഏവരെയും ചേര്‍ത്തുനിർത്തുന്ന ഉമ്മന്‍ ചാണ്ടിക്ക് ഒപ്പം  പ്രവർത്തിക്കുമ്പോള്‍ ഒരിക്കല്‍ പോലും മടുത്തു എന്ന് തോന്നിയിട്ടില്ല. “ഈ കുറിപ്പ് എഴുതുമ്പോൾ എന്‍റെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണീരിന്‍റെ പേരും ഉമ്മൻ ചാണ്ടി എന്നുതന്നെയാണ്. അങ്ങ് മരിക്കില്ല സർ. ഞങ്ങളിലൂടെ ജീവിക്കും…” ജോജി ജോർജ് ഫേസ്ബുക്കില്‍ കുറിച്ചു. പുഞ്ചിരിക്കുള്ളിൽ ഒളിപ്പിച്ച സ്നേഹത്തിനും പതിഞ്ഞ ശബ്ദത്തിൽ പകർന്ന കരുതലിനും നന്ദി. വീണ്ടും കാണാമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജനങ്ങളോടുള്ള കരുതലിന്‍റെ സമാനതകളില്ലാത്ത ഉദാഹരണമായിരുന്നു ഉമ്മന്‍ ചാണ്ടി ആവിഷ്കരിച്ച ജനസമ്പർക്ക പരിപാടി.  യുഎന്നിന്‍റെ അവാർഡും ജനസമ്പർക്കപരിപാടിയെ തേടിയെത്തി.  പരാതികളുടെ ബാഹുല്യത്തിനിടയിലും അവയ്ക്കെല്ലാം പരിഹാരം കാണാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്. പരാതികള്‍ നഷ്ടമാകാതിരിക്കാന്‍ അവ ഡിജിറ്റലൈസ് ചെയ്ത് ബാർകോഡ് നല്‍കുക,  പാവങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയയ്ക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ തുടങ്ങിയവയും ഉമ്മന്‍ ചാണ്ടി ആവിഷ്കരിച്ചു. എല്ലാ പരാതികളുടെയും ഫോളോ അപ്പ് അദ്ദേഹം കർശനമായി നടത്തുമായിരുന്നു. പരാതിക്കാരുടെ രാഷ്ട്രീയം നോക്കരുത്, സമയം വൈകിയെന്ന് പറഞ്ഞ് പരാതി നിരസിക്കരുത്, ദേഷ്യപ്പെടരുത് തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രത്യേകം നിർദേശിച്ചിരുന്നു.

 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം:

ഞാൻ നല്ല പോർ പൊരുതി ഓട്ടം തികച്ചു…

ബൈബിളിലെ വാക്യമാണ്. ഉമ്മൻ ചാണ്ടിയെന്ന വലിയ മനുഷ്യന്‍റെ കൂടെയുള്ള ഒരു വ്യാഴവട്ടക്കാലം ഓർത്തെടുക്കുമ്പോൾ ഞാൻ എന്നെ വിലയിരുത്തുന്നത് സംതൃപ്തിയോടെയും അഭിമാനത്തോടെയുമാണ്. എന്നാലാവും വിധം ഞാൻ ആത്മാർഥമായി പ്രവർത്തിച്ചു… വിശ്വസ്തതയോടെ നിന്നു. തിരിഞ്ഞുനോക്കുമ്പോൾ തികഞ്ഞ ആത്മസംതൃപ്തിയും അഭിമാനവും നോന്നുന്നു. ജനസമ്പർക്കപരിപാടിയുടെ ചുമതല ഉമ്മൻ ചാണ്ടി സർ എന്നെ ഏൽപിക്കുമ്പോൾ, അതെന്‍റെ പ്രായത്തിലും അറിവിലും പക്വതയിലും ഒതുങ്ങാത്ത ഉത്തരവാദിത്വമായിരുന്നു. എന്നിട്ടും അദ്ദേഹമെന്നെ വിശ്വസിച്ചു, സ്വാതന്ത്ര്യം തന്നു, അംഗീകാരം തന്നു…

ചെറിയ തെറ്റുകൾക്കോ കുറ്റങ്ങൾക്കോ അദ്ദേഹം പഴി പറഞ്ഞില്ല,ശകാരിച്ചില്ല. പ്രവർത്തിമണ്ഡലത്തിൽ പ്രതിസന്ധികളും വിമർശനങ്ങളും ഉണ്ടായപ്പോൾ കോട്ടപോലെ മുന്നിൽ നിന്ന് അദ്ദേഹം സംരക്ഷിച്ചു. ജനങ്ങൾക്ക് ഉമ്മൻചാണ്ടിയുടെ സ്നേഹം ലഭിച്ചത് കരുതലിന്‍റെ രൂപത്തിലാണെങ്കിൽ കൂടെനിന്നവർക്ക് അത് കിട്ടിയത് സംരക്ഷണത്തിന്‍റെ ഭാവത്തിലായിരുന്നു. ആത്മാർഥമായി പറയട്ടെ സർ, ഒരിക്കൽ പോലും ‘മടുത്തു’ എന്ന് തോന്നിയിട്ടില്ല. അങ്ങ് തോന്നിപ്പിച്ചിട്ടില്ല.

ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേട്ട ഒരു മുദ്രാവാക്യമുണ്ട്- “ഇല്ലാ ഇല്ല മരിക്കില്ല..ഉമ്മൻചാണ്ടി മരിക്കില്ല….
ഈ കുറിപ്പ് എഴുതുമ്പോൾ എന്‍റെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണീരിന്‍റെ പേരും ഉമ്മൻചാണ്ടി എന്നുതന്നെയാണ്. അങ്ങ് മരിക്കില്ല സർ. ഞങ്ങളിലൂടെ ജീവിക്കും. ഞങ്ങളെ സ്നേഹിക്കാനും ഞങ്ങൾക്ക് സ്നേഹിക്കാനും ഉമ്മൻ  ചാണ്ടി എന്ന അവിശ്വസനീയത ജീവിച്ചുകൊണ്ടേയിരിക്കും. പുഞ്ചിരിക്കുള്ളിൽ ഒളിപ്പിച്ച സ്നേഹത്തിനും പതിഞ്ഞ ശബ്ദത്തിൽ പകർന്ന കരുതലിനും നന്ദി.

വീണ്ടും കാണാം…
ജോജി