കൊവിഡ് പ്രതിരോധത്തിന് നിർദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രതിപക്ഷ പാർട്ടികള്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു

Jaihind Webdesk
Wednesday, May 12, 2021

ന്യൂഡല്‍ഹി : രാജ്യത്തെ അതിരൂക്ഷ കൊവിഡ് വ്യാപനത്തെ തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത കത്ത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെ 12 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയാറാക്കിയ കത്തില്‍ രാജ്യത്ത്  രൂക്ഷമാകുന്ന കൊവിഡ് വ്യാപനത്തെ  പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു.

സൗജന്യ വാക്‌സിന്‍ വിതരണം, വാക്‌സിന്‍ ശേഖരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, സാമ്പത്തിക സഹായം തുടങ്ങിയ നിര്‍ദേശങ്ങളാണ് രാജ്യത്ത് താണ്ഡവമാടുന്ന കൊവിഡ് മഹാമാരിയെ നേരിടാനായി പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ കത്തില്‍ നിർദേശിക്കുന്ന പ്രധാന കാര്യങ്ങള്‍. മുമ്പും കൊവിഡിനെ നേരിടാന്‍ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഗൌരവമായി കാണാതിരുന്നത് കൊവിഡ് വ്യാപനം അതിരൂക്ഷമാകാന്‍ കാരണമായെന്നും കത്തില്‍ പറയുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങള്‍ :

വാക്സിന്‍ ക്ഷാമം പരിഹരിക്കാനായി സാധ്യമായ എല്ലായിടത്തുനിന്നും വാക്‌സിന്‍ ശേഖരിക്കുക

രാജ്യത്തെ എല്ലാവര്‍ക്കും ഉടനടി സൗജന്യ വാക്‌സിന്‍ വിതരണം ചെയ്യുക

വാക്‌സിന്‍ ശേഖരണത്തിനും വിതരണത്തിനുമായി ബജറ്റില്‍ നിന്ന് 35000 കോടി ചെലവഴിക്കുക

രാജ്യത്തെ വാക്‌സിന്‍ നിര്‍മാണം വിപുലപ്പെടുത്താനായി നിര്‍ബന്ധിത ലൈസന്‍സ് സംവിധാനം

20000 കോടിയോളം മുടക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ സെന്‍ട്രല്‍ വിസ്ത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുക. ഈ തുക കൊവിഡ് ചികിത്സയ്ക്കു ഓക്‌സിജന്‍ വാങ്ങാനും വാക്‌സിന്‍ വാങ്ങാനും വേണ്ടി ഉപയോഗിക്കുക

കണക്കില്‍പ്പെടാതെ സ്വകാര്യ ഫണ്ടുകള്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് മാറ്റി കൊവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുക

രാജ്യത്തെ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 6000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുക

ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമുള്ളവർക്ക് അത് എത്തിക്കുക

കര്‍ഷകര്‍ കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെടാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുക, കാര്‍ഷിക നിയമം പിന്‍വലിക്കുക.

സോണിയാ ഗാന്ധി, ദേവഗൌഡ, ശരദ് പവാർ, ഉദ്ധവ് താക്കറെ, മമതാ ബാനർജി, എം.കെ സ്റ്റാലിന്‍, ഹേമന്ത് സോറന്‍, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഡി രാജ, സീതാറാം യെച്ചൂരി എന്നിവർ പ്രതിനിധീകരിക്കുന്ന 12 പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.