ഇടുക്കിയില്‍ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാൻ ദ്രുത കർമ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്

Jaihind Webdesk
Wednesday, February 8, 2023


ഇടുക്കി:  ചിന്നക്കനാൽ , ശാന്തൻപാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാൻ വയനാട്, ഇടുക്കി ദ്രുത കർമ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന് . ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടക്കുക. അതേസമയം, വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ അരുൺ സക്കറിയ ഇന്ന് ഇടുക്കിയിലെത്തുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് ഇടുക്കി ഡി.സി.സി. പൂപ്പാറയിൽ നടത്തുന്ന നിരാഹാര സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു.

നാല് ദിവസം മുൻപാണ് വയനാട്ടിൽ നിന്നുള്ള ദ്രുത കർമ്മ സേന ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ എത്തിയത്. പ്രശ്നക്കാരായ കൊമ്പന്മാരെ നിരീക്ഷിച്ച് വിവരശേഖരണം നടത്തുകയാണ് ലക്ഷ്യം. നാല് ദിവസത്തിനകം വിവരശേഖരണം പൂർത്തിയാക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്. ഇതിൻറെ ഭാഗമായി ഇന്ന് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഇടുക്കി ആര്‍ ആര്‍ ടി(RRT) യും വയനാട്ടിൽ നിന്നുള്ള സംഘത്തോടൊപ്പം ഉണ്ടാകും. ആനകൾ നിൽക്കുന്ന സ്ഥലം എളുപ്പത്തിൽ കണ്ടെത്താനാണ് ഡ്രോൺ ഉപയോഗിക്കുന്നത്. സംഘത്തലവൻ ഡോക്ടർ അരുൺ സക്കറിയ ഇന്ന് വൈകിട്ടാണ് ജില്ലയിലെത്തുക. തുടർന്ന് അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ആയിരിക്കും മറ്റു പ്രവർത്തനങ്ങൾ . ആനകളിൽ റേഡിയോ കോളർ ഘടിപ്പിക്കാനാണ് നിലവിലെ തീരുമാനം. മതികെട്ടാൻ ചോലയിലേക്ക് ആനകളെ തുരത്തുക, അതല്ലെങ്കിൽ പിടികൂടി കൊണ്ടുപോവുക എന്നീ രണ്ടു മാർഗ്ഗങ്ങളാണ് പിന്നീട് വനവകുപ്പിന് മുന്നിൽ ഉള്ളത്. ഇതിൽ ഏത് സ്വീകരിക്കണമെന്ന് കാര്യത്തിൽ അരുൺ സക്കറിയയാണ് തീരുമാനമെടുക്കുക.

അതേസമയം, കാട്ടാന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഡിസിസി ജനറൽ സെക്രട്ടറി എംപി ജോസാണ് നിരാഹാരമിരിക്കുന്നത്. ഇന്നലെ വരെ നിരാഹാരമിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ എസ് അരുണിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് എംപി ജോസ് നിരാഹാരത്തിലേക്ക് കടന്നത്. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അരുണിനെ ആശുപത്രിയിലേക്ക് മാറ്റിയത്.