വഖഫ് ഭേദഗതി: ജെപിസിയുടേത് വ്യാജറിപ്പോര്‍ട്ടെന്ന് ഖാര്‍ഗെ; രാജ്യസഭയില്‍ പ്രതിഷേധം

Jaihind News Bureau
Thursday, February 13, 2025

വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടയില്‍ രാജ്യസഭയില്‍ പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങിയ രാജ്യസഭ പലവട്ടം ചെയര്‍പേഴ്സണ്‍ ജഗ്ദീപ് ധന്‍ഖര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ബില്ലിനെക്കുറിച്ചുള്ള ജെപിസി റിപ്പോര്‍ട്ട് രാജ്യസഭ എംപി മേധാ കുല്‍ക്കര്‍ണി അവതരിപ്പിച്ചയുടനെ, വിയോജിപ്പ് കുറിപ്പുകളുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്തതിനെതിരേ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു

പ്രതിപക്ഷ അഭിപ്രായങ്ങളെ തകര്‍ക്കുന്ന’ ‘വ്യാജ റിപ്പോര്‍ട്ടാണ് ജെപിസി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വഖഫ് ബില്ലിനെക്കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) തിരികെ അയയ്ക്കണമെന്നും വീണ്ടും അവതരിപ്പിക്കണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.

‘വഖഫ് ബില്ലില്‍ പല അംഗങ്ങള്‍ക്കും വിയോജിപ്പുകള്‍ ഉണ്ട്. റിപ്പോര്‍ട്ടില്‍ ആ വിയോജിപ്പു കുറിപ്പുകള്‍ നീക്കം ചെയ്ത് ഞങ്ങളുടെ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്നത് ശരിയല്ല. ഇത് ജനാധിപത്യ വിരുദ്ധമാണ്… അത്തരം വ്യാജ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ഒരിക്കലും സ്വീകരിക്കില്ല. അത് കമ്മിറ്റിക്ക് തിരിച്ചയച്ച് വീണ്ടും അവതരിപ്പിക്കണം,’ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ എംപിമാരും ഖാര്‍ഗെയെ പിന്തുണച്ചു. ജെപിസിയുടെ യോഗങ്ങളില്‍ ഫലവത്തായ ചര്‍ച്ചകള്‍ ഒരിക്കലും നടന്നിട്ടില്ലെന്ന് ശിവസേന സേന (യുബിടി) എംപി അരവിന്ദ് സാവന്ത് പറഞ്ഞു.

എന്നാല്‍ ഖാര്‍ഗെയുടെ വാദങ്ങളെ എതിര്‍ത്ത്, വിയോജിപ്പ് കുറിപ്പുകള്‍ റിപ്പോര്‍ട്ടിന്റെ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിച്ചതായും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ‘റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ അനാവശ്യമായ പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് ലോക് സഭയിലെ ചര്‍ച്ച തടസ്സപ്പെട്ടിരുന്നു. ലോക്‌സഭയിലും ബില്‍ ഇന്ന് അവതരിപ്പിക്കും