പ്രതീക്ഷ കൈവിടാതെ ശാന്തി…

5 മക്കളിൽ മൂന്ന് പേരുടെ ചികിത്സയ്ക്കായി ഒറ്റയ്ക്ക് പോരാടുകയാണ് കൊച്ചി വരാപ്പുഴയിലെ ഒരു വീട്ടമ്മ. സ്വന്തം അവയവങ്ങൾ വിറ്റ് മക്കളുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാന്തി. ദുരിതത്തിന് പിന്നാലെ, കൊവിഡ് ലോക്ക് ഡൗൺ കൂടി ആയപ്പോൾ ശാന്തിയുടേയും, കുടുംബത്തിന്‍റേയും ജീവിതം കൂടുതൽ പ്രതിസന്ധിയിലായി.

5 വർഷമായി വരാപ്പുഴയിൽ താമസിച്ചുവരുന്ന മലപ്പുറംകാരി ശാന്തി, മക്കളുടെ ചികിത്സക്കായി പാടുപെടുകയാണ്. കഴിഞ്ഞ ജൂലായിൽ മൂത്തമകൻ രാജേഷിന് ചേരാനല്ലൂരിൽ വെച്ച് വാഹന അപകടത്തിൽ പെട്ട് ഗുരുതര പരിക്കേറ്റു. തലക്ക് ചികിത്സ തുടരുന്ന രാജേഷിന് അടിയന്തിരമായി ശസ്ത്രക്രിയ വേണം. രണ്ടാമത്തെ മകൻ രഞ്ജിത് ജന്മനാ ശാരീരിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുകയാണ്. 10 വയസുകാരിയായ ഇളയ മകൾ ജസീക്കയ്ക്ക് 4 വർഷം മുമ്പ് വാഹനാപകടത്തിൽ തലക്ക് പരിക്കേറ്റിരുന്നു. മകൾക്കും തലക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്. ചികിത്സക്ക് പണമില്ലാത്തതിനാൽ തന്‍റെ ആന്തരികാവയവങ്ങൾ വിൽപ്പന നടത്താൻ തയാറാണെന്ന് കാണിച്ച് അക്ഷയ കേന്ദ്രം വഴി രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഈ വീട്ടടമ്മ.

10 വർഷം മുമ്പ് ശാന്തിയെയും കുടുംബത്തേയും ഭർത്താവ് ഉപേക്ഷിച്ചു. മകളുടെ ചികിത്സക്ക് വേണ്ടിയാണ് നിലമ്പൂരിൽ നിന്നും കുട്ടികളുമായി ശാന്തി കൊച്ചിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. മക്കളെ വിട്ട് നിൽക്കാൻ സധിക്കാത്തതിനാൽ ശാന്തി ജോലിക്ക് പോകുന്നില്ല. 3 മാസമായി 20 കാരനായ മൂന്നാമത്തെ മകൻ തീയറ്ററിൽ ജോലിക്ക് പോകുന്നതാണ് ഏക ആശ്വാസം. സുമനസ്സുകളുടെ സഹായമില്ലാതെ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. പ്രതീക്ഷ കൈവിടാതെയാണ് കൊവിഡ് കാലത്തും ഓരോ ദിവസവും ഈ വീട്ടമ്മ അഞ്ചു മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.

Comments (0)
Add Comment