ഉമ്മൻ ചാണ്ടിയെ തകർക്കാനുള്ള ഗൂഢ നീക്കമായിരുന്നു സോളാർ കേസ്; ജോൺ മുണ്ടക്കയത്തിന്‍റെ ‘സോളാർ വിശേഷം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

Jaihind Webdesk
Friday, July 19, 2024

 

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി എന്ന നേതാവിനെ രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കാനുള്ള ഗൂഢ നീക്കത്തിന്‍റെ ഭാഗമായിരുന്നു സോളാർ തട്ടിപ്പ് കേസെന്ന് വെളിപ്പെടുത്തുന്ന പ്രമുഖ മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ ‘സോളാർ വിശേഷം’ എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. സോളാർ കേസിൽ വ്യാജ കത്ത് തയ്യറാക്കി ഗൂഢാലോചന നടത്തിയവരാണ് കേസിലെ യഥാർത്ഥ പ്രതികളെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.

രാഷ്ട്രീയമായും വ്യക്തിപരമായും ഉമ്മൻ ചാണ്ടിയെ തകർക്കുവാൻ ലക്ഷ്യമിട്ട് സിപിഎം നടത്തിയ വിലകുറഞ്ഞ രാഷ്ട്രീയത്തിന്‍റെ ഉള്ളറകൾ തുറന്നുകൊണ്ടാണ് ജോൺമുണ്ടക്കയത്തിന്‍റെ പുസ്തകം പുറത്തിറങ്ങിയത്. കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും ഉൾപ്പെടെയുള്ള വികസന മുന്നേറ്റങ്ങളും ജനസമ്പർക്ക പരിപാടികളിലൂടെ സാധാരണക്കാർക്കു പ്രിയങ്കരനായ ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായ തകർക്കുവാൻ സിപിഎമ്മും ഇടതുമുന്നണിയും നടത്തിയ ഹീന രാഷ്ട്രീയം തുറന്നുകാട്ടുന്നതുമാണ് സോളാർ വിശേഷം. സോളാർ കേസിൽ വ്യാജ കത്ത് തയ്യറാക്കി ഗൂഢാലോചന നടത്തിയവരാണ് കേസിലെ യഥാർത്ഥ പ്രതികളെന്ന് പ്രകാശന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സോളാർ കേസിലെ ഈ ഗൂഡാലോചനയെ കുറിച്ചാണ് യഥാർത്ഥ അന്വേഷണം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. ശശി തരൂർ എംപി പ്രശസ്ത എഴുത്തുകാരി റോസ്മേരി പുസ്തകം പ്രകാശനം ചെയ്തു. ഉമ്മൻചാണ്ടിക്കെതിരെ നടന്ന വേട്ടയാടലുകൾ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ എം.എം. ഹസന്‍ തുറന്നുകാട്ടി. ഓർമ്മ ദിനത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ ദീപ്ത സ്മരണകൾ മുഖരിതമാകുന്ന വേളയിൽ അധികാരത്തിനു വേണ്ടി ഇടതു രാഷ്ട്രീയം നടത്തിയ വിലകുറഞ്ഞ വേട്ടയാടലിന്‍റെ നേർക്കാഴ്ചകൾ പുറത്തുവന്നത് ചൂടേറിയ ചർച്ചകൾക്ക് വഴി തുറക്കുകയാണ്.