റായ്ബറേലി: ലോക്സഭ തിരഞ്ഞടുപ്പിൽ നരേന്ദ്ര മോദിക്കും കൂട്ടർ ക്കും അടിതെറ്റിയപ്പോൾ ഇത് രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്‍റെ വിജയം കുടിയാണ്. ‘ സംഘ് പരിവാറിന്‍റെ പ്രതികാര നടപടികളെയും ചെറുത്താണ് രാഹുൽ ഗാന്ധി പോരാട്ട വീര്യം കാട്ടിയത്. മോദിക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന് പ്രഖാപിച്ച് രാഹുലാണ് ഈ തിരഞ്ഞടുപ്പിലെ മിന്നുംതാരം. 400 സീറ്റ് പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനവിധി കണ്ട് വാടി നിൽക്കുമ്പോൾ മറുവശത്ത് കോൺഗ്രസും രാഹുൽ ഗാന്ധിയും ഉയിർത്തെഴുന്നേൽപ്പിന്‍റെ ആത്മവിശ്വാസത്തിലാണ്. രാഹുൽ ഗാന്ധിയെ സംബന്ധിച്ചടുത്തോളം ഇത്തവണത്തെ ഫലം ത്രസിപ്പിക്കുന്നതാണ്. കഴിഞ്ഞ തവണ ഒരു മണ്ഡലത്തിൽ പരാജയപ്പെട്ട രാഹുൽ ഇക്കുറി മത്സരിച്ച രണ്ട് മണ്ഡങ്ങളിലും വമ്പൻ ജയമാണ് സ്വന്തമാക്കിയത്.
വയനാട്ടിലും റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു. അതായത് മോദി വാരാണസിയിൽ നേടിയ ഭൂരിപക്ഷത്തിന്‍റെ ഇരട്ടിയിലധികം വയനാട്ടിലും റായ്ബറേലിയും രാഹുൽ സ്വന്തമാക്കി. മോദിക്ക് ഒന്നര ലക്ഷത്തിന്‍റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി നടന്നു കയറിയത് ജനഹൃദയങ്ങളിലേക്കാണ് എന്ന് അക്ഷരാർത്ഥത്തിൽ പറയാം. വയനാടൻ ചുരം കയറി കഴിഞ്ഞ തവണ വന്നപ്പോൾ വമ്പൻ ഭൂരിപക്ഷം കരുതിവച്ച ജനത, ഇക്കുറി മൂന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ജയമാണ് സമ്മാനിച്ചത്. ഗാന്ധി കുടുംബത്തിന്‍റെ സ്വന്തം മണ്ഡലം എന്ന വിശേഷണമുള്ള റായ്ബറേലിയാകട്ടെ അമ്മയ്ക്ക് പകരമിറങ്ങിയ മകനെ വാരിപുണരുകയായിരുന്നു. സംസ്ഥാനത്തെ വലിയ ഭൂരിപക്ഷങ്ങളിലൊന്നാണ് സോണിയ ഗാന്ധിയുടെ മകന് വേണ്ടി റായ്ബറേലി കരുതിവെച്ചത്. രാഹുൽ ഗാന്ധി നിലവിൽ 4 ലക്ഷത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ്.