ഉമാ തോമസിന്‍റെ വിജയം സുനിശ്ചിതം; കേരളത്തില്‍ സിപിഎം-ബിജെപി അവിശുദ്ധ ബന്ധമെന്ന് ജിഗ്നേഷ് മേവാനി

Jaihind Webdesk
Saturday, May 28, 2022

 

കൊച്ചി : സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനി. കേരള സർക്കാർ ഗുജറാത്ത് മോഡൽ പഠിക്കുന്നത് പരാമർശിച്ചായിരുന്നു വിമർശനം. ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മാതൃക പഠിക്കാൻ ഇതുവരേയും തയാറായിട്ടില്ല എന്നും ജിഗ്നേഷ് മേവാനി പരിഹസിച്ചു. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് മോഡൽ ഊതി വീർപ്പിച്ചത് മാത്രം. അത് കോർപ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണ്, ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരാണ്. കൊവിഡ് കാലത്ത് ഗുജറാത്തിന്‍റെ ആരോഗ്യ മേഖലയുടെ അവസ്ഥ രാജ്യം കണ്ടതാണ്. ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിക്കുന്ന ദുരവസ്ഥയുണ്ടായെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. കേരളത്തിന്‍റെ ഗുജറാത്ത് മോഡല്‍, കേസുകൾ ഒത്തുതീർപ്പാക്കാനുള്ള നീക്കമായി വിലയിരുത്താമെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ എല്ലാ വികസനവും നടപ്പാക്കിയത് കോൺഗ്രസാണ്.  യുഡിഎഫ് കൊണ്ടുവന്ന വികസനപദ്ധതികളെ എതിർത്തവരാണ് സിപിഎം. സംസ്ഥാനത്തെ ബിജെപി-സിപിഎം അവിശുദ്ധ ബന്ധം ശ്രദ്ധിക്കേണ്ടതാണ്. പട്ടികജാതി വർഗ വിഭാഗങ്ങളെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ എൽഡിഎഫ് ഒന്നും ചെയ്യുന്നില്ല. വാളയാർ വിഷയത്തിൽ നീതി ലഭിക്കാനുള്ള സമരം നമ്മൾ കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ വിജയം സുനിശ്ചിതമാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.