തിരഞ്ഞെടുപ്പിനൊരുങ്ങി ജാര്‍ഖണ്ഡ്; കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ഹേമന്ത് സോറന്‍

Jaihind Webdesk
Tuesday, September 3, 2024

 

ഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഹേമന്ത് സോറന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവിലെ സര്‍ക്കാരിന്റെ കാലാവധി 2024ല്‍ അവസാനിക്കുന്നതിനാല്‍ ഈ വര്‍ഷം അവസാനം തന്നെ ജാര്‍ഖണ്ഡിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

2020 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഎംഎം 30 സീറ്റുകളും കോണ്‍ഗ്രസിന് 16 സീറ്റുമാണ് നേടിയത്. അടുത്തിടെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ജെഎംഎം പാര്‍ട്ടിക്ക് 3 സീറ്റുകളും കോണ്‍ഗ്രസിന് 2 സീറ്റുകളും ലഭിച്ചു. രാജ്യത്ത് കേന്ദ്രസര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന ഭരണവിരുദ്ധവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.