ഝാർഖണ്ഡില്‍ വിശ്വാസം നേടി ചംപയ് സോറന്‍; കോണ്‍ഗ്രസ് സഖ്യ സർക്കാർ തുടരും

Jaihind Webdesk
Monday, February 5, 2024

 

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിൽ ജെഎംഎം നേതൃത്വത്തിലുള്ള കോൺഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിൽ തുടരും. 29 നെതിരെ 47 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് വിശ്വാസ വോട്ട് നേടിയത്. ഇഡി കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ത്‌ സോറനും വോട്ടെടുപ്പിന് എത്തിയിരുന്നു.

81 അംഗ ഝാർഖണ്ഡ് നിയമസഭയിൽ 47 വോട്ടുകൾക്കാണ് ചംപയ് സർക്കാർ വിശ്വാസം തെളിയിച്ചത്. മുഖ്യമന്ത്രി ചംപായ് സോറനാണ് സഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. രൂക്ഷ വിമർശനമാണ് വിശ്വാസ പ്രമേയ പ്രസംഗത്തിൽ ബിജെപിക്ക് എതിരെ ചംപയ് സോറൻ ഉയർത്തിയത്. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അറസ്റ്റ് എന്ന് ചംപയ് സോറൻ ആരോപിച്ചു.

ഭരണ – പ്രതിപക്ഷ എംഎൽഎമാരെ നിയമസഭയിൽ എത്തിച്ചത് പ്രത്യേക ബസുകളിലാണ്. അതേസമയം ആദിവാസികൾക്കെതിരെ പല വിധത്തിൽ നടക്കുന്ന ആക്രമണത്തിന്‍റെ തുടർച്ചയാണ് തനിക്ക് എതിരായ നടപടി എന്ന് ഹേമന്ത് സോറൻ കുറ്റപ്പെടുത്തി. 33 അംഗങ്ങളുടെ പിന്തുണ ബിജെപി അടങ്ങുന്ന പ്രതിപക്ഷത്തിനുണ്ട്. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനുള്ള പ്രഹരമാണ് മഹാസഖ്യത്തിന്‍റെ വിജയം.