ബിജെപിക്ക് വീണ്ടും തിരിച്ചടി; ഝാർഖണ്ഡിലെ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Wednesday, March 20, 2024

 

റാഞ്ചി: ബിജെപിക്ക് തിരിച്ചടിയായി നിയമസഭാ സാമാജികർ ഉള്‍പ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഝാർഖണ്ഡില്‍ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു. ജാർഖണ്ഡിലെ മാണ്ഡുവിൽ നിന്നുള്ള എംഎൽഎ ജയ് പ്രകാശ് ഭായി പട്ടേൽ ആണ് പാർട്ടി വിട്ടത്. ജയ് പ്രകാശ് എഐസിസി ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ന്യായ് ജോഡോ യാത്രയെ പ്രശംസിച്ച അദ്ദേഹം ജാർഖണ്ഡ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റുകളിലും ഇന്ത്യൻ സഖ്യം വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു സമ്മർദ്ദത്തിനും വഴങ്ങിയല്ല തന്‍റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ജാർഖണ്ഡിന്‍റെ നല്ല ഭാവിക്കും തന്‍റെ പിതാവിന്‍റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാനും രാജ്യത്ത് ഇന്ത്യൻ സഖ്യം ശക്തിപ്പെടുത്താനും വേണ്ടിയാണ് താന്‍ കോണ്‍ഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാന്‍ തീരുമാനിച്ചതെന്നും ജയ് പ്രകാശ് കൂട്ടിച്ചേർത്തു.