ജസ്നയ്ക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താനായില്ല; അന്വേഷണം അവസാനിപ്പിച്ചതായി കോടതിയെ അറിയിച്ച് സിബിഐ

Jaihind Webdesk
Tuesday, January 2, 2024

JesnaMaria

 

കൊച്ചി: കോട്ടയം എരുമേലിയിൽ നിന്നും കാണാതായ ജസ്ന മരിയാ കേസിലെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജെസ്ന തിരോധാനം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജസ്നയെ കാണാതായത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുംവഴിയായിരുന്നു ജസ്നയെ കാണാതായത്. ക്രൈം ബ്രാഞ്ച് ഉള്‍പ്പെടെ കേരളാ പോലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും കണ്ടെത്താനായില്ല.

കേരള പോലീസിന്‍റെ അന്വേഷണം കൊണ്ട് ഫലമില്ലാതെ ആയതോടെ അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് സിബിഐക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടത്. തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. എന്നാല്‍ സിബിഐ അന്വേഷണത്തിലും ജസ്നയ്ക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താന്‍‌ കഴിയാതെ വന്നതോടെ ജസ്ന കേസ് ദുരൂഹ സംഭവങ്ങളുടെ പട്ടികയിലാണ് ഇടംപിടിക്കുന്നത്.