സംസ്ഥാനത്ത് വനിതാ കമ്മീഷന്‍ നോക്കുകുത്തിയായി മാറി; സ്ത്രീസുരക്ഷയില്‍ പിണറായി സർക്കാരിന്‍റെ കണ്ണ് തുറപ്പിക്കും: ജെബി മേത്തർ

Jaihind Webdesk
Tuesday, December 7, 2021

കൊച്ചി : സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ പിണറായി സർക്കാരിന്‍റെ കണ്ണു തുറപ്പിക്കുമെന്ന് നിയുക്ത മഹിളാ കോൺഗ്രസ് പ്രസിഡന്‍റ് ജെബി മേത്തർ. സംസ്ഥാനത്ത് വനിതാ കമ്മീഷൻ നോക്കുകുത്തിയായി മാറിയെന്നും ജെബി മേത്തർ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കേരളത്തിൽ സ്ത്രീ സുരക്ഷ ഒരു ചോദ്യ ചിഹ്നമായി മാറിയെന്ന് ജെബി മേത്തർ ചൂണ്ടിക്കാട്ടി. നീതിപാലകർ തന്നെ വനിതകളെ വേട്ടയാടുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ മഹിളാ കോൺഗ്രസ് സമര രംഗത്തിറങ്ങുമെന്നും ജെബി വ്യക്തമാക്കി. സംസ്ഥാനത്തെ വനിതാ കമ്മീഷൻ നിർജീവമാണ്. സ്ത്രീകളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഒരു ഇടപെടലിനും വനിതാ കമ്മീഷന് കഴിയുന്നില്ലെന്ന് ജെബി ചൂണ്ടിക്കാട്ടി. പുതിയ ദൗത്യം വെല്ലുവിളികൾ നിറഞ്ഞതാണ്. മഹിളാ കോൺഗ്രസിന്‍റെ സംഘടനാ സംവിധാനം ശക്തമാക്കി കോൺഗ്രസിന് പുതു ചൈതന്യം പകരുകയാണ്  ലക്ഷ്യം.

ആലുവ സ്വദേശിയായ ജെബി മേത്തർ നിലവിൽ കെപിസിസി സെക്രട്ടറിയും നഗരസഭാ വൈസ് ചെയർപേഴ്സണുമാണ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.