പെരിന്തല്‍മണ്ണ: സര്‍ക്കാര്‍ ആശുപത്രികളും പൊതുജനാരോഗ്യ കേന്ദ്രങ്ങളും തകര്‍ക്കാന്‍ സര്‍ക്കാര്‍ ഗൂഢശ്രമം നടത്തുകയാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം പി ആരോപിച്ചു.
ആശുപത്രികളില്‍ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കാനോ മരുന്നു നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മരുന്നുവാങ്ങിയ ഇനത്തില്‍ 400 കോടി രൂപയിലേറെ കടബാധ്യതയുണ്ട്. അടുത്തവര്‍ഷത്തേക്ക് മരുന്നു വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുന്നില്ല. കാരുണ്യ, കാസ്പ് തുടങ്ങിയ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ക്കും പണം നല്‍കുന്നില്ല. മെഡിസെപ്പ് അവതാളത്തിലാണ്. ഇതെല്ലാം സിസ്റ്റം എറര്‍ ആണോയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.
‘ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം ഭയക്കില്ലിനി നാം തെല്ലും, വിരല്‍ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യവുമായി ജനുവരി നാലിന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച മഹിള സാഹസ് കേരള യാത്ര ബുധനാഴ്ച 1000 മണ്ഡല കേന്ദ്രങ്ങള്‍ പിന്നിടുന്നു.
സംസ്ഥാനത്തെ 1474 മണ്ഡലങ്ങളുടെ കേന്ദ്രങ്ങളിലൂടെയുള്ള യാത്രയാണ് ജൂലൈ 16ന് ആയിരാമത്തെ കേന്ദ്രത്തില്‍ എത്തിച്ചേരുന്നത്. ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ തിരൂരങ്ങാടിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് യാത്ര ക്യാപ്റ്റന്‍ കൂടിയായ മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം പി അറിയിച്ചു.
മഹിള സാഹസ് കേരള യാത്രയ്ക്ക് ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോള്‍, മൂര്‍ക്കനാട്, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, മങ്കട, കൂട്ടിലങ്ങാടി എന്നീ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എം എല്‍ എ മാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, കെ പി സി സി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് മുനാവ്വര്‍ അലി ശിഹാബ് തങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സോയാ ജോസഫ്,, യൂത്ത് ലീഗ് ജനറല്‍സെക്രട്ടറി പി കെ ഫിറോസ് തുടങ്ങിയവര്‍ വിവിധ സ്വീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി. ഷഹര്‍ബാന്‍, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്‍, ആര്‍. ലക്ഷ്മി എല്‍ അനിത,സന്ധ്യാ കരണ്ടോട്, ആമിന മോള്‍, വനജ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റിയ യാത്രയാണ് ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ നടന്നു വരുന്നത്. എറണാകുളം,കോട്ടയം ജില്ലകളിലെ ഏതാനും മണ്ഡലങ്ങളിലും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എല്ലാ മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയ ശേഷം സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സമാപിക്കും.
പിണറായി സര്‍ക്കാരിനെതിരായ വീട്ടമ്മമാരുടെ കുറ്റപത്രം സമാപന സമ്മേളനത്തില്‍ സമര്‍പ്പിക്കും.
നിത്യ ദുരിതത്തിലായ സ്ത്രീ ജനങ്ങളുടെ വിമോചന യാത്രയായി മഹിള സാഹസ് കേരള യാത്ര മാറിയിട്ടുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ദൗത്യം വീട്ടമ്മമാരും സ്ത്രീകളും ഏറ്റെടുത്തു എന്നതിന് തെളിവാണ് യാത്രക്ക് ലഭിച്ച സ്വീകാര്യത. വ്യത്യസ്ത രാഷ്ട്രീയമുള്ളവരും അരാഷ്ട്രീയവാദികളും യാത്രയില്‍ അണിച്ചേരുകയും സംവദിക്കുകയും ചെയ്തിരുന്നു. ആശ സമരം, പഹല്‍ഗാം ദുരന്തം, അതിര്‍ത്തി സംഘര്‍ഷം, ലഹരി വ്യാപനം തുടങ്ങിയ നിരവധികള്‍ വിഷയങ്ങള്‍ യാത്രക്കിടയില്‍ ഏറ്റെടുത്ത് അവതരിപ്പിച്ചിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിനെ താഴെയിറക്കുകയും യു.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുക എന്ന ദൗത്യം കൂടി മുന്നോട്ടു വച്ചിരുന്നതായും അവര്‍ പറഞ്ഞു.