യുഡിഎഫ് വിജയം ഉറപ്പായതോടെ മുഖ്യമന്ത്രിക്ക് സമനില തെറ്റി: ജെബി മേത്തര്‍ എംപി

Jaihind News Bureau
Monday, January 12, 2026

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി. തിരഞ്ഞെടുപ്പ് പരാജയം ഭയന്നാണ് സര്‍ക്കാര്‍ ചെലവില്‍ സര്‍വ്വേ നടത്തുന്നതും അറസ്റ്റും പുകിലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അവര്‍ ആരോപിച്ചു. കണ്ണൂരില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിജയി പോരാളി സംഗമം ‘സിതാരെ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെബി മേത്തര്‍.

പച്ചയ്ക്ക് വര്‍ഗീയത പറയുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പുതിയ ശൈലിയായി മാറിയിരിക്കുന്നു. വിദ്വേഷപ്രസംഗം നടത്തുന്ന സി.പി.എം നേതാവ് എ.കെ. ബാലനെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറാകണം. ബാലനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ തയ്യാറാകണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ നടന്ന ‘സിതാരെ’ സംഗമം മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഏസ്തര്‍ റാണി ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഗമത്തില്‍ ആദരിച്ചു. മഹിളാ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.