ജെഡിയു നേതാവ് ദീപക് വധക്കേസ്: 5 ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Jaihind News Bureau
Tuesday, April 8, 2025

തൃശൂര്‍ നാട്ടികയിലെ ജെഡിയു നേതാവ് പി.ജി.ദീപകിനെ കൊലപ്പെടുത്തിയ കേസില്‍ 5 ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം വിധിച്ചു. വിചാരണ കോടതി വെറുതെ വിട്ടവരെയാണ് ഹൈക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഹൈക്കോടതി ഡിവിഷണല്‍ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

2015 മാര്‍ച്ച് 24നാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. ജെഡിയു നേതാവ് പി.ജി.ദീപകിനെ 10 പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പിന്നീട് വിചാരണ കോടതി 10 പേരെയും വെറുതെ വിടുകയായിരുന്നു. എന്നാല്‍ ഇവരില്‍ 5പേരെ വെറുതെ വിട്ട നടപടി ഹൈക്കോടതി ശരി വയ്ക്കുകയും ബാക്കി 5 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു. പെരിങ്ങോട്ടുകര മരോട്ടിക്കല്‍ ഋഷികേഷ്, മുറ്റിച്ചൂര്‍ കൂത്താല നിജില്‍, കാരമുക്ക് കൊച്ചത്ത് പ്രശാന്ത്, പൂക്കോട് പ്ലാക്കില്‍ റഷാന്ത്, മാലപ്പറമ്പില്‍ പ്രശ്‌നേഷ് എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം 5 പേരെയും അറസ്റ്റ് ചെയ്യാനും ശിക്ഷാവിധിക്കായി കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ദീപകിന്റെ ഭാര്യ നല്‍കിയ അപ്പീലിലാണ് കേസ് പരിഗണിച്ചത്. ആറ് മുതല്‍ 10 വരെയുള്ള പ്രതികള്‍ക്ക് ആക്രമണത്തിന് കൂട്ടു നില്‍ക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍ മതിയായ ടെതളിവുകള്‍ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്.