ജെഡിഎസ് പിളര്‍പ്പിലേയ്ക്ക് ; ദേവഗൗഡയുമായി ബന്ധം തുടരില്ല, പിരിച്ചുവിടല്‍ നിലനിൽക്കില്ലെന്ന് പ്രമേയം

Jaihind News Bureau
Saturday, December 19, 2020

C.K Nanu

 

തിരുവനന്തപുരം: ജനതാദൾ സെക്കുലർ സംസ്ഥാന ഘടകം പിളർപ്പിലേക്ക്. പാർട്ടി സെക്രട്ടറി ജനറൽ  ജോർജ് തോമസിന്‍റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് പുറത്തുപോകാനാണ് നീക്കം. സംസ്ഥാനഘടകത്തെ പിരിച്ചുവിട്ടത് നിലനിൽക്കില്ലെന്ന് പ്രമേയം.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് ജെഡിഎസിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക് എത്തിയത്. ദേശീയ അധ്യക്ഷൻ പുറത്താക്കിയ സി.കെ നാണു അധ്യക്ഷനായുള്ള സംസ്ഥാന കൗൺസിൽ യോഗമാണ് ഇന്ന് ചേരുന്നത്. ചിലർ പാർട്ടിയെ കുടുംബ സ്വത്താക്കാൻ ശ്രമിക്കുന്നു എന്ന് യോഗത്തിൽ ആരോപണം ഉയർന്നു. ദേവഗൗഡയുടെ ഉത്തരവ് പ്രകാരം ജെഡിഎസിൽ ഏഴ് പേർ മാത്രമേയുള്ളു എന്ന് ജോർജ് തോമസ് ചൂണ്ടിക്കാട്ടി. സംസ്ഥാന കൗൺസിൽ പിരിച്ചുവിട്ടത് നിയമ വിരുദ്ധമായി ആണ്. ദേവഗൗഡയുടെ ഉത്തരവ് തള്ളിക്കളയുന്നതായി വിമത വിഭാഗത്തിന്‍റെ പ്രമേയം വായിച്ചു. ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദേവഗൗഡയെ മാറ്റണമെന്ന് വിമത വിഭാഗം അവശ്യപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ സീറ്റുകൾ നേടിയെടുക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്നും സി കെ നാണു വിഭാഗം ആരോപിക്കുന്നു. കർഷക പ്രക്ഷോഭത്തിൽ പ്രതികരിക്കാത്ത ദേശീയ നേതൃത്വം ബിജെപിയുമായി അടുക്കുകയാണ്. സംസ്ഥാന-ദേശീയ നേതൃത്വത്തിനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണവും സി കെ വിഭാഗം ഉന്നയിക്കുന്നുണ്ട്. അതേസമയം സി.കെ നാണു ഇന്ന് യോഗത്തിൽ പങ്കെടുത്തില്ല. എംഎൽഎ ആയതിനാലാണ് യോഗത്തിൽ  പങ്കെടുക്കാത്തത് എന്നാണ് ജോർജ് തോമസിനെ വിശദീകരണം.