
പത്തനംതിട്ട: ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി. 10,000 കോടി രൂപയുണ്ടെന്ന് അവകാശപ്പെട്ട സര്‍ക്കാരാണ് ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി രൂപ കടമെടുക്കാന്‍ ശ്രമിക്കുന്നതെന്നും ജെബി മേത്തര്‍ പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് ബാങ്കുകളെ സാമ്പത്തികമായി ചോര്‍ത്തുന്ന നയമാണ്. കടമെടുക്കുന്നതിലൂടെ ബാങ്കുകള്‍ക്ക് തിരിച്ചടവ് വിഷമത്തിലാകുമെന്നും, കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയിലേക്ക് സഹകരണ ബാങ്കുകളെ എത്തിക്കുമെന്നും ജെബി മേത്തര്‍ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ ആരോഗ്യ മേഖല പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. മന്ത്രി വീണാ ജോര്‍ജ് ധിക്കാരത്തോടെയാണ് പെരുമാറുന്നത്. ആരോഗ്യ മന്ത്രിയുടെ സമീപനമാണ് ആശാ പ്രവര്‍ത്തകരുടെ സമരം നീളാന്‍ കാരണമായതെന്നും അവര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികള്‍ ഇപ്പോള്‍ പീഡകരുടെ കേന്ദ്രമായി മാറിയിരിക്കുന്നു. പീഡിപ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കൂടാതെ, ആശുപത്രികളില്‍ രൂക്ഷമായ മരുന്ന് ക്ഷാമവും അനുഭവപ്പെടുന്നുണ്ടെന്നും ജെബി മേത്തര്‍ എം.പി.
പിണറായിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ മഹിളാ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും, വിവിധ പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ ചേരുന്നുണ്ടെന്നും അവര്‍ അറിയിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ലാലി ജോണ്‍, സുധാ നായര്‍, ഗീതാചന്ദ്രന്‍, മഞ്ജു വിശ്വനാഥ്, അനിലാ ദേവി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.